Kerala

പ്രതിഷേധത്തിനിടെ വത്സൻ തില്ലങ്കേരി ശബരിമലയിൽ ആചാരലംഘനം നടത്തിയതായി ആരോപണം

keralanews allegation that rss leader valsan thillankeri break custom in sabarimala

ശബരിമല:യുവതീ പ്രവേശനത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി ശബരിമലയിൽ ആചാരലംഘനം നടത്തിയതായി ആരോപണം.വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറുകയായിരുന്നുവെന്നാണ് ആരോപണം. വത്സന്‍ തില്ലങ്കേരി പതിനെട്ടാംപടിയില്‍ പുറംതിരിഞ്ഞ് നിന്ന് പ്രസംഗിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടികയറിയത്. ചോറൂണിനെത്തിയ അന്പത് വയസ് കഴിഞ്ഞ സ്ത്രീകള്‍ക്കു നേരെ പ്രതിഷേധക്കാര്‍ സംഘടിച്ചപ്പോള്‍ പ്രവര്‍ത്തകരോട് ശാന്തമാകാന്‍ വത്സന്‍ തില്ലങ്കേരി പോലീസിന്‍റെ മൈക്കിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.ഈ സമയം പതിനെട്ടാം പടിയില്‍ നിന്നാണ് തില്ലങ്കേരി ഇടപെട്ടത്. അദ്ദേഹത്തെ കൂടാതെ പതിനെട്ടാം പടിയില്‍ പുറം തിരിഞ്ഞു കൊണ്ട് നിരവധി പേര്‍ നില്‍ക്കുകയും ചെയ്തു. പുറംതിരിഞ്ഞു കൊണ്ട് പടിയിലൂടെ ആള്‍ക്കൂട്ടം ഇറങ്ങിവരുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.ഇത് ക്ഷേത്രാചാരങ്ങള്‍ക്ക് നിരക്കുന്ന കാര്യമല്ലെന്നും പതിനെട്ടാം പടിയില്‍ ഭക്തരെന്ന് പറയുന്ന ആള്‍ക്കൂട്ടം ചുറ്റിത്തിരിഞ്ഞത് ശരിയായില്ലെന്നുമാണ് ദേവസ്വം ബോര്‍ഡ് അംഗവും ചൂണ്ടിക്കാട്ടിയത്.ഇരുമുടിക്കെട്ടില്ലാതെ ആര്‍എസ്‌എസ് നേതാവ് വത്സന്‍ തില്ലങ്കേരി പതിനെട്ടാം പടികയറി ആചാര ലംഘനം നടത്തിയെന്ന ആക്ഷേപം അന്വേഷിക്കുമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയത്. ആചാരങ്ങള്‍ സംരക്ഷിക്കേണ്ടതാണ്. ആര്‍എസ്‌എസ് നേതാവിന്റെ ഇത്തരത്തിലുള്ള നടപടി സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും ദേവസ്വംബോര്‍ഡ് അംഗം കെ.പി.ശങ്കര്‍ ദാസ് പറഞ്ഞു. പടിയില്‍ പിന്‍തിരിഞ്ഞ് നിന്നതും ആചാര ലംഘനമാണ്. ഇക്കാര്യങ്ങള്‍ ബോര്‍ഡ് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Previous ArticleNext Article