Kerala, News

സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ;പോലീസിന്റെ മൊബൈൽ ആപ്പ് പ്രവർത്തനമാരംഭിച്ചു

keralanews all services are at fingertips police mobile application launched

തിരുവനന്തപുരം: പോലീസിന്റെ എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്പില്‍ ലഭ്യമാകുന്ന സംവിധാനം നിലവില്‍ വന്നു. 27 സേവനങ്ങള്‍ ലഭിക്കാനായി പൊതുജനങ്ങള്‍ക്ക് ഇനിമുതല്‍ ഈ ആപ്പ് ഉപയോഗിക്കാം. പോല്‍-ആപ്പ് എന്നാണ് മൊബൈല്‍ ആപ്ലിക്കേഷന് പേര് നൽകിയിരിക്കുന്നത്.15 സേവനങ്ങള്‍ക്കൂടി വൈകാതെ ഈ ആപ്പില്‍ ലഭ്യമാകും. സാധാരണക്കാര്‍ക്ക് വളരെയെളുപ്പം ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഉപയോഗിക്കുന്ന വ്യക്തി നില്‍ക്കുന്ന സ്ഥലം മനസ്സിലാക്കി ഏറ്റവും അടുത്ത പോലീസ് സ്റ്റേഷന്‍ സൂചിപ്പിക്കാന്‍ ആപ്പിന് കഴിയും. കേരളാ പോലീസിലെ എല്ലാ റാങ്കിലെ ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പർ, ഇ മെയില്‍ വിലാസം എന്നിവ ആപ്പില്‍ ലഭ്യമാണ്. പ്രഥമവിവര റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്യാനും സൗകര്യമുണ്ട്. പോലീസ് മുഖേന ലഭിക്കുന്ന വിവിധ സേവനങ്ങള്‍ക്കുള്ള ഫീസ് ട്രഷറിയിലേയ്ക്ക് അടയ്ക്കാനും ആപ്പ് ഉപയോഗിക്കാം. പാസ്സ്‌പോര്‍ട്ട് പരിശോധനയുടെ നിലവിലെ അവസ്ഥ അറിയാനും മുതിര്‍ന്ന പൗരന്മാര്‍ക്ക് ആവശ്യമായ ജനമൈത്രി സേവനങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യാനും ഈ ആപ്പിലൂടെ കഴിയും. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കായി ആപ്പില്‍ പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോലീസ് എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിലേയ്ക്ക് സേവനം ആവശ്യപ്പെട്ടുകൊണ്ട് സന്ദേശം അയയ്ക്കാന്‍ പ്രത്യേകം സംവിധാനം ഏര്‍പ്പെടിത്തിയിട്ടുണ്ട്. വീട് പൂട്ടി പോകുന്ന അവസരങ്ങളില്‍ അക്കാര്യം ബന്ധപ്പെട്ട സ്റ്റേഷനില്‍ അറിയിക്കാനും ഈ ആപ്പ് ഉപയോഗിക്കാം.ജനങ്ങള്‍ അറിയേണ്ട പോലീസിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ ഈ ആപ്പിലൂടെ ലഭ്യമാകും. പോലീസിന്റെ എല്ലാ സോഷ്യല്‍ മീഡിയ പേജുകളും ഇതില്‍ ലഭിക്കും. ട്രാഫിക് നിയമങ്ങള്‍ പഠിപ്പിക്കുന്ന ട്രാഫിക് ഗുരു, യാത്രകള്‍ക്ക് ഉപകാരമായ ടൂറിസ്റ്റ് ഗൈഡ്, സൈബര്‍ മേഖലയിലെ തട്ടിപ്പുകള്‍ തടയാനുള്ള നിര്‍ദ്ദേശങ്ങള്‍, പ്രധാനപ്പെട്ട സര്‍ക്കാര്‍ വെബ് സൈറ്റുകളുടെ ലിങ്കുകള്‍ എന്നവയും ആപ്പില്‍ ലഭ്യമാണ്. ചില വിഭാഗങ്ങളില്‍പ്പെട്ട കുറ്റകൃത്യങ്ങളുടെ വിവരണവും ഫോട്ടോയും നേരിട്ട് പോലീസിന് അയയ്ക്കാന്‍ ഈ ആപ്പിലൂടെ പൊതുജനങള്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്.

Previous ArticleNext Article