ന്യൂഡല്‍ഹി:ഇറാനും ബ്രിട്ടനും പരസ്പരം പിടിച്ചെടുത്ത കപ്പലുകളിലകപ്പെട്ട മലയാളി ജീവനക്കാർ സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രാലയം. കപ്പലുകളിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും ആശങ്ക വേണ്ടെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. ജിബ്രാള്‍ട്ടറില്‍ നിന്ന് ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലില്‍ മലപ്പുറം സ്വദേശികളുള്‍പ്പടെ മൂന്ന് മലയാളികളാണ് അകപ്പെട്ടത്. മലപ്പുറം സ്വദേശി അജ്മല്‍ സാദിഖ്, ഗുരുവായൂര്‍ സ്വദേശി റെജിന്‍, ബേക്കല്‍ സ്വദേശി പ്രജീഷ് എന്നിവരാണ് കപ്പലിലുള്ളതെന്നാണ് വിവരം.ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ മൂന്ന് മലയാളികളുള്‍പ്പടെ 18 ഇന്ത്യക്കാര്‍ ഉള്ളതായാണ് ഔദ്യോഗിക സ്ഥിരീകരണം. ക്യാപ്റ്റനുള്‍പ്പടെ മൂന്നുപേരും എറണാകുളം സ്വദേശികളാണ്.ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ജൂലൈ 4-ന് ഗ്രേസ് 1 എന്ന ഇറാനിയൻ എണ്ണക്കപ്പൽ ബ്രിട്ടൻ പിടിച്ചെടുത്തിരുന്നു.ഈ കപ്പൽ 30 ദിവസം കൂടി തടങ്കലിൽ വയ്ക്കാൻ ജിബ്രാൾട്ടർ സുപ്രീം കോടതി ഉത്തരവിട്ടു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പെന്നോണം, ഹോർമൂസ് കടലിടുക്കിൽ വച്ച് വെള്ളിയാഴ്ച ബ്രിട്ടന്റെ സ്റ്റെനാ ഇംപറോ എന്ന എണ്ണക്കപ്പൽ ഇറാൻ പിടിച്ചെടുത്തത്.