തിരുവനന്തപുരം:കേന്ദ്ര സര്‍ക്കാരിന്റെ മോട്ടോര്‍വാഹന നിയമഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍വാഹന തൊഴിലാളികളുടെ അഖിലേന്ത്യാ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ആഗസ്റ്റ് ഏഴിന് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചു. ഗതാഗതമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ ട്രേഡ് യൂണിയനുകളും പ്രാദേശിക യൂണിയനുകളും തൊഴില്‍ഉടമാ സംഘടനകളും സംയുക്തമായാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ആഗസ്റ്റ് 6ന് അര്‍ധരാത്രി മുതല്‍ ഏഴിന് അര്‍ധരാത്രിവരെ ആണ് പണിമുടക്ക്.തിരുവനന്തപുരത്ത് ബി ടി ആര് ഭവനില്‍ ചേര്‍ന്ന അഖിലേന്ത്യാ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം.ഓട്ടോറിക്ഷ, ടാക്സി, ചരക്കുകടത്തു വാഹനങ്ങള്‍, സ്വകാര്യബസ്, ദേശസാല്‍ക്കൃത ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ തുടങ്ങി പൊതുഗതാഗത ചരക്കുകടത്ത് വാഹനങ്ങള്‍ ഒന്നാകെ പണിമുടക്കും. അതോടൊപ്പം ഓട്ടോ മൊബൈല്‍ വര്‍ക്ക്ഷോപ്പ്, സ്പെയര്‍പാര്‍ട്സ് വിപണനശാലകള്‍ ഡ്രൈവിങ് സ്കൂളുകള്‍, വാഹന ഷോറൂമുകള്‍, യൂസ്ഡ് വെഹിക്കള്‍ ഷോറൂമുകള്‍ തുടങ്ങിയവയിലെ തൊഴിലാളികളും തൊഴില്‍ ഉടമകളും പണിമുടക്കില്‍ പങ്കുചേരും. ജൂലൈ 24ന് പണിമുടക്ക് നോട്ടീസ് നല്‍കും. പണിമുടക്കിന് മുന്നോടിയായി ജില്ലാതലത്തിലും പ്രാദേശിക അടിസ്ഥാനത്തിലും സംയുക്ത കണ്‍വന്‍ഷനുകളും വാഹനജാഥകളും സംഘടിപ്പിക്കും.