കടമ്പൂർ:പ്രോജക്ടർ ആവശ്യമില്ലാത്ത അത്യാധുനിക സ്മാർട്ട് ക്ലാസ്റൂം സംവിധാനവുമായി കടമ്പൂർ ഹയർസെക്കൻഡറി സ്കൂൾ. ക്ലാസ്മുറികളിൽ ഒരുക്കിയ അൾട്രാ ഹൈടെക് ഡിജിറ്റൽ ഹൈ ഡെഫിനിഷൻ ടച്ച് ഡിസ്പ്ലേ സംവിധാനത്തിന്‍റെ ഉദ്ഘാടനം ഇന്നു വൈകുന്നേരം അഞ്ചിന് നടക്കുമെന്ന് സ്കൂൾ മാനേജർ പി.മുരളീധരൻ, പ്രിൻസിപ്പൽ കെ.രാജൻ എന്നിവർ അറിയിച്ചു.ഹോങ്കോംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്‌ട്ര ഡിജിറ്റൽ ബ്രാൻഡായ സ്പെക്ട്രോണുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.വെള്ളിയാഴ്ച നടക്കുന്ന സ്കൂൾ വാർഷികത്തിന്റെ ഭാഗമായി പുതിയ സാങ്കേതിക സംവിധാനത്തിന്റെ ഉൽഘാടനം സ്പെക്ട്രോൺ വൈസ് പ്രസിഡന്റ് ജോൺ കാസിഡി നിർവഹിക്കും.പുതിയ സംവിധാനം നിലവിൽ വരുന്നതോടെ അൾട്രാ ഹൈടെക് ഡിജിറ്റൽ എച്.ഡി ടച്ച് സ്ക്രീൻ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് ക്ലാസുകൾ നടത്തുക.സാധാരണ ഹൈടെക് ക്ലാസ് മുറികളിലെ പോലെ കംപ്യൂട്ടർ, പ്രൊജക്ടർ, സ്പീക്കർ തുടങ്ങിയവ ഇവിടെ ആവശ്യമില്ല. ഇവയെല്ലാം അടങ്ങിയ 86 ഇഞ്ച് എൽഇഡി സ്മാർട്ട് ബോർഡാണ് ക്ലാസ്മുറികളിൽ ഒരുക്കിയിരിക്കുന്നത്. ആവശ്യാനുസരണം മാറ്റിസ്ഥാപിക്കാൻ കഴിയുമെന്നതാണ് ഇതിന്‍റെ പ്രത്യേകത.എഴുതാനുള്ള ബോർഡായും ഉപയോഗിക്കാം.ത്രീഡി സ്റ്റിമുലേഷൻ സംവിധാനവുമുണ്ട്.എഴുതാനും വരയ്ക്കാനും കഴിയുന്നതിനൊപ്പം നേരത്തെ എഴുതിയവയിലേക്ക് തിരിച്ചുപോകാനുള്ള സൗകര്യവുമുണ്ട്. വീഡിയോ ദൃശ്യങ്ങൾക്കൊപ്പം എഴുതിക്കാണിക്കാനുള്ള സംവിധാനവുമുണ്ട്. കെമിസ്ട്രി, ഫിസിക്സ് തുടങ്ങിയവയുടെ ചെറിയ ലബോറട്ടറിയായും പ്രയോജനപ്പെടുത്താം.സ്മാർട്ട് ഫോൺപോലെ അധ്യാപകർക്ക് എളുപ്പത്തിൽ ഉപയോഗിക്കാനും കഴിയും.കടമ്പൂർ ഹയർസെക്കൻഡറി സ്കൂളിന്‍റെയും കടമ്പൂർ ഇംഗ്ലീഷ് മീഡിയം സ്കൂളിന്‍റെയും സംയുക്ത വാർഷികാഘോഷവും കലാവിരുന്നും സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉൽഘാടനം ചെയ്യും.