മുംബൈ:ബോളിവുഡ് നടി ഐശ്വര്യ റായിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്‌തേക്കും.കഴിഞ്ഞ 15 വർഷങ്ങളിൽ താരം നടത്തിയ സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി പരിശോധിക്കുന്നത്.കഴിഞ്ഞ ദിവസം താരത്തിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഉച്ചയ്‌ക്ക് 1:30 ന് ഇഡിയുടെ ഡൽഹി സോണൽ ഓഫീസിൽ ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 7 മണി വരെ നീണ്ടിരുന്നു.ബ്രിട്ടീഷ് വിർജിൻ ദ്വീപിൽ ഐശ്വര്യ റായ് ഡയറക്ടറായിരുന്ന അമിക് പാർട്‌ണേഴ്‌സ് കമ്പനിയുടെ 2005 ജൂണിൽ ദുബായിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിന്റെ വിവരങ്ങൾ ഇഡി ചോദിച്ചറിഞ്ഞതായാണ് വിവരം.അഭിഷേക് ബച്ചന്റെ വിദേശ നിക്ഷേപത്തെ കുറിച്ചുള്ള കാര്യങ്ങളും, ഐശ്വര്യ അഭിഷേകിന് നൽകിയ ഒന്നേകാൽ ലക്ഷം പൗണ്ടിന്റെ വിശദ വിവരങ്ങളും ഇ.ഡി ഐശ്വര്യയോട് ചോദിച്ചു. സാമ്പത്തിക കാര്യങ്ങൾ നോക്കിയിരുന്നത് അച്ഛനായിരുന്നുവെന്നാണ് ഐശ്വര്യ മൊഴി നൽകിയത്.കഴിഞ്ഞ നവംബറിൽ അഭിഷേകിൽ നിന്നും ഇ.ഡി മൊഴി രേഖപ്പെടുത്തിയിരുന്നു.ഇരു മൊഴികളും ഒത്തു നോക്കിയശേഷമാകും ഐശ്വര്യയെ വീണ്ടും ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് ഇ.ഡി തീരുമാനമെടുക്കുക. 2004 മുതലുള്ള വിദേശനിക്ഷേപങ്ങളുടെ രേഖകൾ സമർപ്പിക്കാൻ 2017 ൽ ബച്ചൻ കുടുംബത്തോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നു. പനാമ പേപ്പറിൽ തങ്ങളുടെ പേരുൾപ്പെട്ടിട്ടുണ്ടെന്ന വാർത്ത വന്നതിന് പിന്നാലെ തെറ്റായ രീതിയിൽ താനോ തന്റെ കുടുംബമോ സമ്പാദിച്ചിട്ടില്ലെന്ന് അമിതാഭ് ബച്ചൻ പ്രതികരിച്ചിരുന്നു. പനാമ പേപ്പർ കേസ് അന്വേഷിക്കുന്ന ഇഡി, ആദായനികുതി വകുപ്പ് അടക്കം വിവിധ ഏജൻസികളുടെ ഉദ്യോഗസ്ഥർ അടങ്ങുന്ന പ്രത്യേക സംഘമാണ് ഐശ്വര്യ റായിക്ക് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയത്. രണ്ട് തവണ കേസുമായി ബന്ധപ്പെട്ട് ഐശ്വര്യ റായ്ക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല.ഒരു മാസം മുമ്പ് അഭിഷേക് ബച്ചനും ഇ ഡി ഓഫീസിലെത്തിയിരുന്നു.നികുതി വെട്ടിച്ച പണം വിവിധ ബിനാമി പേപ്പർ കമ്പനികളിൽ നിക്ഷേപിച്ച് വെളുപ്പിച്ചെന്നാണ് ആരോപണം. പനാമ പേപ്പർ രേഖകളിൽ ലോക നേതാക്കളും രാഷ്‍ട്രീയപ്രമുഖരും ഇന്ത്യയിൽ നിന്നുള്ള ബോളിവുഡ് താരങ്ങളും, കായിക താരങ്ങളും ഉൾപ്പെട്ടിരുന്നു. 2016 ൽ ഇതുമായി ബന്ധപ്പട്ട് 1048 ഇന്ത്യക്കാരുടെ പേരുകളാണ് പുറത്ത് വന്നത്.മാധ്യമപ്രവർത്തകരുടെ കൂട്ടായ്‍മായായ ഐസിഐജെയാണിത് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.
India, News
ഐശ്വര്യറായിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും
Previous Articleരാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും