മുംബൈ: 2016-ൽ ഇന്ത്യയ്ക്ക് വേണ്ടി പാരലിമ്പിക്‌സിൽ സ്വര്‍ണ്ണ മെഡല്‍ നേടിയ മാരിയപ്പന്‍ തങ്കവേലുവിന്റെ ജീവിതം സിനിമാകുന്നു. മാരിയപ്പന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയുന്നത് ഐശ്വര്യ ധനുഷാണ്. ട്വിറ്ററിലൂടെ ഷാരൂഖ് ഖാനാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്.
റിയോയില്‍ നടന്ന സമ്മര്‍ പാരലിമ്പിക്‌സില്‍ പുരുഷന്മാരുടെ ടി-42 വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ താരമാണ് തമിഴ്‌നാട് സ്വദേശിയായ മാരിയപ്പന്‍ തങ്കവേലു. ചിത്രത്തില്‍ മാരിയപ്പനെ അവതരിപ്പിക്കുന്നത് ആരാണെന്നു ഇതുവരെ പുറത്തു വിട്ടിട്ടില്ല. മാരിയപ്പനായി ധനൂഷ് എത്തിയക്കുമെന്നുള്ള റിപ്പോര്‍ട്ടുകളുമുണ്ട്.സംവിധായകൻ രാജു മുരുഗപ്പൻ മാറിയപ്പനായി വേഷമിടുമെന്നും സൂചനയുണ്ട്.
തമിഴ്‌നാട് സേലം പെരിയവാഡംപട്ടി സ്വദേശിയായ മാരിയപ്പന്‍ അഞ്ചാം വയസ്സില്‍ സ്‌ക്കൂളിലേക്ക് പോകും വഴി അപകടത്തില്‍പ്പെട്ടാണ് വലതു കാല്‍ നഷ്ടമായത്. പിന്നീട് വോളീബോള്‍ കളിക്കാനാരംഭിച്ച മാരിയപ്പന്‍ സ്‌ക്കൂളിലെ കായികാധ്യാപകന്റെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് ഹൈജമ്പിലേക്ക് തിരിഞ്ഞത്. കഴിഞ്ഞ മാര്‍ച്ചില്‍ ടൂണിഷ്യയില്‍ വച്ചു നടന്ന ഐ. പി. സി ഗ്രന്‍ഡ് പ്രിക്‌സില്‍ 1.78മീറ്റര്‍ ചാടിയാണ് താരം പാരലിമ്പിക്‌സിനു യോഗ്യത നേടിയത്. റിയോയില്‍ 1.82മീറ്റര്‍ ഉയരം കണ്ടത്താനും മാരിയപ്പനു കഴിഞ്ഞു.