ന്യൂഡൽഹി:വായു മലിനീകരണം ഉയര്‍ന്നതിനെത്തുടര്‍ന്ന് ദില്ലിയിലെ സ്കൂളുകളും കോളേജുകളും ഒരറിയിപ്പ് ഉണ്ടാകും വരെ തുറക്കരുതെന്ന് എയര്‍ ക്വാളിറ്റി മാനേജ്മെന്‍റ് കമ്മീഷന്‍ നിർദേശം.സ്വകാര്യ സ്ഥാപനങ്ങള്‍ 50% വര്‍ക്ക് ഫ്രം ഹോം നടപ്പാക്കണം. ട്രക്കുകള്‍ക്കും, പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്കും ദില്ലി നഗരത്തില്‍ ഓടാന്‍ അനുമതിയില്ല. നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഈ മാസം 21 വരെ വിലക്ക് ഏര്‍പ്പെടുത്തി.സര്‍ക്കാര്‍ നടത്തുന്ന അടിയന്തര പ്രാധാന്യമുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് മാത്രം അനുമതി നല്‍കിയിട്ടുണ്ട്. ഹരിയാന, രാജസ്ഥാന്‍ ,ഉത്തര്‍പ്രദേശ് സര്‍ക്കാരുകളും നിര്‍ദ്ദേശം പാലിക്കണമെന്നും എയര്‍ ക്വാളിറ്റി മാനേജ്മെന്‍റ് കമ്മീഷന്‍ അറിയിച്ചു.വായുമലിനീകരണ തോത് വർദ്ധിക്കുന്ന സാഹചര്യത്തിൽ വ്യക്തികളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്ന രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്ന് ആരോഗ്യ വിദഗ്ദ്ധരും മുന്നറിയിപ്പ് നൽകുന്നു.നിലവിലെ സാഹചര്യത്തിൽ ആൾക്കൂട്ടമുള്ള ഇടങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നും, പുറത്തിറങ്ങുമ്പോൾ എൻ95 മാസ്‌ക് ധരിക്കണമെന്നുമാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.പുറത്ത് പോകണമെന്നുള്ളവർ അതിരാവിലെയോ, അല്ലെങ്കിൽ രാത്രിയിലോ പുറത്തിറങ്ങുന്നതായിരിക്കും ഉചിതമെന്നും ഇവർ പറയുന്നു.