India, Kerala, News

എയര്‍ ഇന്ത്യ എക്സ്‌പ്രസ് പ്രതിസന്ധിക്ക് പരിഹാരം; പിരിച്ചുവിട്ട 30 കാബിൻ ക്രൂ അംഗങ്ങളെ തിരിച്ചെടുക്കും; തീരുമാനം ലേബര്‍ കമ്മീഷണര്‍ നടത്തിയ ചര്‍ച്ചയില്‍

ന്യൂഡല്‍ഹി: എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാർ നടത്തിവന്നിരുന്ന സമരം പിൻവലിക്കാൻ തീരുമാനം. ഡല്‍ഹി ലേബർ കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിശോധിക്കാമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയ സാഹചര്യത്തിലാണ് ജീവനക്കാർ സമരം പിൻവലിക്കാൻ തീരുമാനിച്ചത്.സിക് ലീവെടുത്ത് ഡ്യൂട്ടിയില്‍ നിന്ന് മാറി നിന്ന ജീവനക്കാർ ഉടൻ ജോലിയില്‍ തിരികെ കയറുമെന്ന് സമരം ചെയ്ത ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യുണിയൻ അറിയിച്ചു.പ്രതിഷേധത്തിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട 30 കാബിൻ ക്രൂ അംഗങ്ങളെ തിരിച്ചെടുക്കുമെന്ന് എയർലൈൻസ് മാനേജ്‌മെന്റും വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രിയോടെയാണ് അസുഖ ബാധിതരെന്ന പേരില്‍ കാബിൻ ക്രൂ അംഗങ്ങള്‍ കൂട്ട അവധി എടുത്തത്.ഇതോടെ ബുധനാഴ്ച 90 സർവീസുകള്‍ മുടങ്ങി. തുടർന്നാണ് മാനേജ്‌മന്റ് നടപടിയുമായി രംഗത്തുവന്നത്. ഡല്‍ഹി ദ്വാരകയിലെ ലേബർ ഓഫീസില്‍ നടത്തിയ ചർച്ചയില്‍ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ എച്ച്‌ആർ മേധാവിയാണ് കമ്പനിയെ പ്രതിനിധീകരിച്ച്‌ ചർച്ചയില്‍ പങ്കെടുത്തത്.പുതിയ ജോലി വ്യവസ്ഥകള്‍ക്കെതിരെയാണ് എയർ ഇന്ത്യ എക്സ്‌പ്രസ് ജീവനക്കാരുടെ പ്രതിഷേധം. ജീവനക്കാരെ തുല്യമായി പരിഗണിക്കുന്നതിലെ വീഴ്ചയാണ് മുഖ്യകാരണം. സീനിയർപദവിക്കായി ഇന്റർവ്യു പാസായെങ്കിലും ചില ജീവനക്കാർക്ക് താഴ്ന്ന ജോലിവാഗ്ദാനങ്ങളാണ് കിട്ടിയതെന്ന് ജീവനക്കാർ ആരോപിക്കുന്നു. നഷ്ടപരിഹാര പാക്കേജിലെ ഭേദഗതികളെയും കാബിൻ ക്രൂ അംഗങ്ങള്‍ വിമർശിക്കുന്നു.

Previous ArticleNext Article