ന്യൂഡല്‍ഹി: സാധാരണക്കാരന് ഇരുട്ടടിയായി കേന്ദ്ര നിയമം, ചികിത്സാ നിരക്കുകള്‍ കുത്തനെ കൂട്ടാന്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) നടത്തി വരുന്ന ശ്രമങ്ങൾക്ക് സർക്കാർ അനുമതി നൽകി . കേന്ദ്രാനുമതി ലഭിച്ചതോടെ എയിംസ് ചികിത്സാ നിരക്കുകൾ കൂട്ടി തുടങ്ങിയതായി ഡൽഹിയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു
ബജറ്റില്‍ വകയിരുത്തിയ തുകയേക്കാള്‍ കൂടുതല്‍ ചിലവാക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് കേന്ദ്രം ചികിത്സാ നിരക്കുകള്‍ പുനപരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. പുതിയ തീരുമാനത്തിനെതിരെ എയിംസിലെ ഫാക്കല്‍റ്റി അംഗങ്ങളിൽ നിന്ന് എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. പാവപ്പെട്ടവരെ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളില്‍ നിന്ന് അകറ്റുന്ന നടപടിയാണിതെന്നാണ് അവർ പറയുന്നത്.
അതേസമയം 1996 ലാണ് അവസാനമായി എയിംസ് അധികൃതർ ചികിത്സാ നിരക്കുകൾ വർധിപ്പിച്ചത്. എന്നാൽ 2005 മുതല്‍ ചികിത്സാ നിരക്കുകള്‍ ഉയര്‍ത്താന്‍ എയിംസ് ശ്രമം നടത്തിയിരുന്നെങ്കിലും തീരുമാനവുമായിരുന്നില്ല. 2010 ൽ വീണ്ടും ചികിത്സാ നിരക്കുകൾ വർധിപ്പിക്കണമെന്ന് കാണിച്ച് സർക്കാരിന് നോട്ടീസ് സമർപ്പിച്ചിരുന്നെങ്കിലും വൻ പ്രതിഷേധത്തെ തുടർന്ന് അനുമതി നിഷേധിക്കുകയായിരുന്നു.