ചെന്നൈ : തമിഴ്നാട് രാഷ്ട്രീയത്തിൽ വീണ്ടുമൊരു ട്വിസ്റ്റിനു അരങ്ങൊരുങ്ങി. മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണശേഷം രണ്ടായി തിരിഞ്ഞ എ ഐ എ ഡി എം കെ ഒന്നിക്കാൻ പോവുന്നു എന്നതാണ് പുതിയ റിപ്പോർട്ടുകൾ. ഇത് ഉടൻ യാഥാർഥ്യമായേക്കും. പാർട്ടി ലയിക്കുകയാണെങ്കിൽ ജനറൽ സെക്രട്ടറി വി കെ ശശികലയുടെ ഭാവി എന്തായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
മുൻ മുഖ്യമന്ത്രി പനീർ സെൽവത്തെ പാർട്ടിയിലേക്ക് തിരിച്ചു വിളിക്കുന്നതുമായി ബന്ധപ്പെട്ടു ശശികല പക്ഷത്തെ മന്ത്രിമാർ തിങ്കളാഴ്ച രാത്രി ചർച്ച നടത്തി. മന്ത്രി എടപ്പാടി പളനിസ്വാമിയും ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ എം തമ്പിദുരൈയും പുതിയ നീക്കത്തിന് പിന്തുണയേകിയിട്ടുണ്ട്. 25 പേർ ചർച്ചയിൽ പങ്കെടുത്തുവെന്നതാണ് സൂചന.
എ ഐ എ ഡി എം കെ രണ്ടു ഗ്രുപ്പുകളായി തിരിഞ്ഞതോടെ പാർട്ടി ചിഹ്നമായ രണ്ടില തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ധാക്കിയിരുന്നു. ലയനത്തിലൂടെ ഇത് തിരിച്ചെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇരുപക്ഷവും ഒന്നിക്കാൻ നീക്കങ്ങൾ നടത്തുന്നത്.