Kerala, News

‘അഗതിരഹിത സംസ്ഥാനം’ പദ്ധതി;ജില്ലാതല വിവര ശേഖരണം ഇന്ന് തുടങ്ങും

keralanews agathirahitha samsthanam project data collection will start today

കണ്ണൂർ:അഗതികളായ മനുഷ്യരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പുതിയ പദ്ധതിയാണ് അഗതിരഹിത സംസ്ഥാനം.ഈ പദ്ധതിയുടെ ജില്ലാതല വിവര ശേഖരണം ഇന്ന് ആരംഭിക്കും.സംസ്ഥാന സർക്കാരും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി സംരക്ഷിക്കാൻ ആരുമില്ലാത്തവർ,അഗതിയും അശരണരുമായ വ്യക്തികൾ,കുടുംബങ്ങൾ എന്നിവർക്കാണ് സംരക്ഷണം നൽകുക.ആശ്രയ പദ്ധതി ആരംഭിച്ചു പതിറ്റാണ്ടു കഴിഞ്ഞിട്ടും പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ ഉണ്ടെന്ന പരാതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സർക്കാർ അഗതിരഹിത പദ്ധതിയുമായി മുന്നോട്ട് വരുന്നത്.നിലവിൽ ആശ്രയ പദ്ധതിയിൽ ഉൾപ്പെട്ടവരും തുടർന്നും സേവനത്തിന് അർഹരായവരെ കണ്ടെത്തുന്ന ഏകീകൃത പദ്ധതി എന്ന നിലയിലാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്.സർവേയിലൂടെ അഗതികളെന്നു കണ്ടെത്തുന്നവർക്ക് ഭക്ഷണം, ആരോഗ്യപരിപാലനം,വസ്ത്രം,വിദ്യാഭ്യാസം,ഉപജീവനമാർഗം,എന്നിവ കണ്ടെത്താൻ സഹായിക്കും.പദ്ധതിക്ക് ചിലവാകുന്ന തുകയുടെ നാൽപതു ശതമാനം സർക്കാർ കുടുംബശ്രീ വഴി ഓരോ പഞ്ചായത്തിനും ചലഞ്ച് ഫണ്ടായി നൽകും.പരിശീലനം ലഭിച്ച 560 കുടുംബശ്രീ പ്രവർത്തകരാണ് സർവ്വേ നടത്തുന്നത്.പ്രത്യേകം വികസിപ്പിച്ചെടുത്ത ആൻഡ്രോയിഡ് മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ച് ഓൺലൈനായാണ് സമഗ്ര വിവര ശേഖരണം നടത്തുക.അഗതികളുടെ ചുരുക്കപ്പട്ടിക പിന്നീട് പഞ്ചായത്ത് നോട്ടീസ് ബോർഡുകളിലും അങ്കണവാടികളിലും പ്രദർശിപ്പിക്കും.ഇതിൽ പരാതിയുള്ളവർ നവംബർ രണ്ടു മുതൽ അഞ്ചുവരെ രേഖാമൂലം സിഡിഎസ് ചെയർപേഴ്സനെ പരാതി  അറിയിക്കണം.പിന്നീട് ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ പരാതി പരിശോധിച്ച് പട്ടിക തയ്യാറാക്കും.അന്തിമ പട്ടിക സംസ്ഥാനത്തെ എല്ലാപഞ്ചായത്തുകളും നവംബർ പതിനാറിന് ഗ്രാമസഭ കൂടി തീരുമാനിക്കും. പൂർത്തീകരിച്ച പട്ടിക കുടുംബശ്രീ ജില്ലാ മിഷൻ മുഖേന സംസ്ഥാന സർക്കാരിന് കൈമാറുകയും ചെയ്യും.അർഹരായ അഗതികളുടെ ആവശ്യങ്ങളും പരിമിതികളും കണ്ടെത്തി മാർഗരേഖ തയ്യാറാക്കേണ്ടത് ജില്ലാ കുടുംബശ്രീ മിഷന്റെ ചുമതലയാണ്.

Previous ArticleNext Article