Kerala, News

നിവാറിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു; കേരളത്തില്‍ ഡിസംബര്‍ ആദ്യം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

keralanews after niwar new low pressure forms in the bay of bengal chance for heavy rain kerala in early december

തിരുവനന്തപുരം: നിവാറിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു.ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ ഡിസംബർ ആദ്യം ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ജാഗ്രതയുടെ ഭാഗമായി ഡിസംബര്‍ ഒന്നിന് തെക്കന്‍ ജില്ലകളിലും ഇടുക്കിയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിക്ക് പുറമേ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നി ജില്ലകളിലാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.ബുര്‍വി എന്ന പേരിലുള്ള ഈ ന്യൂനമര്‍ദം അടുത്ത ആഴ്ച ചുഴലിക്കാറ്റായി മാറിയേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഈ മാസം 29 ന് ന്യൂനമര്‍ദം ശക്തമാകുമെന്നാണ് നിഗമനം. പുതിയ ന്യൂനമര്‍ദത്തിന്റെ ഫലമായി ഒഡീഷ, ആന്ധ്ര തീരങ്ങളിലും തിങ്കളാഴ്ച മുതല്‍ കനത്ത മഴയുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. അതേസമയം കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വീശിയടിച്ച നിവാര്‍ ചുഴലിക്കാറ്റ് പ്രദേശത്ത് കനത്ത നാശ നഷ്ടമാണ് ഉണ്ടാക്കിയത്. മുന്‍കരുതലുകളുടെ ഭാഗമായി ആളപായം കുറക്കാന്‍ കഴിഞ്ഞത് ആശ്വാസമായി. തീര പ്രദേശങ്ങളില്‍ വ്യാപക നാശം വിതച്ച ചുഴലിക്കാറ്റില്‍ മൂന്ന് പേരാണ് മരിച്ചത്.ഈ വര്‍ഷം ഉത്തരേന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട നാലാമത്തെ ചുഴലിക്കാറ്റാണ് നിവാര്‍. സൊമാലിയയില്‍ കനത്ത നാശം വിതച്ച ഗതി ചുഴലിക്കാറ്റ്, മഹാരാഷ്ട്രയിലെ നിസാര്‍ഗ, മെയ് മാസത്തില്‍ കിഴക്കന്‍ ഇന്ത്യയെ ബാധിച്ച ആംഫാന്‍ എന്നിവയാണ് നേരത്തെ നാശം വിതച്ച ചുഴലിക്കാറ്റുകള്‍.

Previous ArticleNext Article