Food

ഫോർമാലിൻ പരിശോധന ശക്തമാക്കിയതോടെ മീനിൽ പുതിയ രാസവസ്തു ചേർക്കുന്നതായി റിപ്പോർട്ട്

keralanews after making formalin inspection strict doubt that another chemical is mixed with fish

തിരുവനന്തപുരം:മീനിൽ ചേർക്കുന്ന ഫോർമാലിൻ കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമാക്കിയതോടെ മീൻ എളുപ്പത്തിൽ കേടാകാതിരിക്കാൻ പുതിയ തരം രാസവസ്തു ചേർക്കുന്നതായി റിപ്പോർട്ട്. മീന്‍ കേടാകാതിരിക്കാന്‍ സില്‍വര്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ലായനി തളിക്കുന്നതായാണ് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന് വിവരം ലഭിച്ചിരിക്കുന്നത്. ഇത് ശരീരത്തെ എങ്ങനെ ബാധിക്കുമെന്നതു സംബന്ധിച്ച്‌ സര്‍ക്കാര്‍ അനലിറ്റിക്കല്‍ ലാബില്‍ പരിശോധന തുടങ്ങി.സില്‍വര്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് എളുപ്പത്തില്‍ കണ്ടെത്താന്‍ നിലവില്‍ മാര്‍ഗങ്ങളില്ല. ഈ സാഹചര്യത്തിലാണ് പഠനം. എറണാകുളത്തെ ചില രാസവസ്തു വില്‍പ്പനശാലകളില്‍ നിന്നും സിൽവർ ഹൈഡ്രജൻ പെറോക്‌സൈഡ് ലായനി ബോട്ടുകാര്‍ കൂടിയ അളവില്‍ നിരന്തരം വാങ്ങിപ്പോകുന്നുണ്ട്. ഇതാണ് സംശയത്തിനു കാരണം. അണുനാശിനിയായി ഉപയോഗിക്കുന്ന സില്‍വര്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് മീനില്‍ ഉപയോഗിച്ചാല്‍ കേടാകാതിരിക്കുമോ എന്നതിലും വ്യക്തതയില്ല. ഇക്കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. 20 ലിറ്റര്‍ കന്നാസുകളിലാണ് എറണാകുളത്തെ കടകളില്‍നിന്ന് ബോട്ടുകാര്‍ ഇത് വാങ്ങിപ്പോകുന്നത്.വായു, വെള്ളം, മണ്ണ് എന്നിവയിലുള്‍പ്പെടെ രോഗാണുനാശിനിയായി ഉപയോഗിക്കുന്ന രാസവസ്തുവാണ് സില്‍വര്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ്. നിറമോ മണമോ ഇല്ല. നേര്‍പ്പിക്കാതെ ഉപയോഗിച്ചാല്‍ പൊള്ളലുണ്ടാക്കും. വെള്ളവുമായി ചേര്‍ത്ത് നേരിയ അളവില്‍ മീനില്‍ തളിക്കുന്നതായി സംശയിക്കുന്നു.മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന മീനില്‍ ഫോര്‍മലിന്‍, അമോണിയ എന്നിവ ചേര്‍ക്കുന്നത് കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഫ്റ്റ്) തയ്യാറാക്കിയ പേപ്പര്‍ ടെസ്റ്റിലൂടെ എളുപ്പത്തില്‍ കണ്ടെത്താനാകും. ഇതോടെ കേരളത്തിലേക്ക് അയക്കുന്ന മീനില്‍ ഇത്തരം രാസവസ്തുക്കള്‍ ചേര്‍ക്കുന്നത് കുറഞ്ഞിരുന്നു.സില്‍വര്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉപയോഗിക്കുന്നുണ്ടെന്ന സംശയം ഉയര്‍ന്നിട്ടുള്ളതിനാല്‍ ഇതിന്റെ സാന്നിധ്യം എങ്ങനെ കണ്ടെത്താമെന്നതും പരിശോധിക്കുമെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ എംജി രാജമാണിക്യം വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഈ രാസവസ്തു ഉപയോഗിച്ചാല്‍ മീന്‍ കേടാകാതിരിക്കുമോ, ശരീരത്തിനുള്ളില്‍ ചെന്നാല്‍ എന്തെല്ലാം പ്രശ്‌നങ്ങളാണുണ്ടാകുക എന്നിവയും പരിശോധിക്കുന്നുണ്ട്.

Previous ArticleNext Article