ന്യൂഡൽഹി:വാക്സിന്‍ കുത്തിവെച്ച വൊളന്റിയര്‍മാരില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഓക്സ്ഫോര്‍ഡ്-അസ്ട്രാസെനെകയുടെ കോവിഡ് പ്രതിരോധ വാക്സിന്റെ പരീക്ഷണം നിര്‍ത്തിവെച്ചു. മരുന്ന് കുത്തിവെച്ച ഒരു സന്നദ്ധ പ്രവർത്തകനാണ് വിപരീത ഫലം കാണിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാക്സിന്‍ പരീക്ഷണം നിര്‍ത്തിവച്ച കാര്യം അസ്ട്രസെനെക വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.ഒരാള്‍ക്ക് അജ്ഞാതമായ രോഗം വന്നതിനെ തുടർന്ന് കമ്പനിയുടെ വാക്സിന്‍ പരീക്ഷണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിയതെന്ന് ആസ്ട്രാസെനെക പ്രസ്താവനയില്‍ പറഞ്ഞു. പരീക്ഷണങ്ങളുടെ സമഗ്രത കാത്തുസൂക്ഷിക്കുന്നതിനിടയില്‍ സുരക്ഷാ ഡാറ്റ പരിശോധിക്കാന്‍ ഗവേഷകര്‍ക്ക് സമയം നല്‍കാനാണ് ഈ നീക്കമെന്ന് കമ്പനി അറിയിച്ചു.മരുന്നിന്റെ പാര്‍ശ്വഫലമാണിതെന്ന സംശയമാണുള്ളത്. എന്നാല്‍ കേസിന്റെ സ്വഭാവമോ എപ്പോള്‍ സംഭവിച്ചുവെന്നോ വ്യക്തമാക്കിയിട്ടില്ല.ജൂലൈ 20നാണ് ഓക്സ്ഫഡ് ആദ്യം കോവിഡ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്. ഈ വർഷം അവസാനത്തോടു കൂടിയോ ജനുവരി ആദ്യത്തിലോ വാക്സിൻ വിപണിയിലെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. വാക്സിൻ പ്രതീക്ഷകൾക്കേറ്റ താൽക്കാലിക തിരിച്ചടിയായാണ് ശാസ്ത്ര ലോകം ഇതിനെ വിലയിരുത്തുന്നത്. പരീക്ഷണം നിലച്ചതില്‍ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്രസെനെക അറിയിച്ചു. പാര്‍ശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരും. പരീക്ഷണത്തില്‍ പങ്കെടുക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെ സുരക്ഷ പ്രധാനമാണെന്നും കമ്പനി വിശദീകരിച്ചു.ഇന്ത്യയിലെ പുനെ സിറം ഇന്‍സ്റ്റിറ്റ‌്യൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ പരീക്ഷണത്തോട് സഹകരിച്ചിരുന്നു. വാക്‌സിന്‍ വിജയമായാല്‍ വാങ്ങാന്‍ ഇന്ത്യയും കരാര്‍ ഉണ്ടാക്കിയിരുന്നു.