Kerala, News

പൃഥ്വിരാജും ബ്ലെസിയും ഉള്‍പ്പടെ ‘ആടുജീവിതം’ സിനിമാ സംഘത്തിലെ 58 പേര്‍ ജോര്‍ദാനില്‍ കുടുങ്ങി;നാട്ടില്‍ മടങ്ങിയെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഫിലിം ചേമ്പറിന് കത്തയച്ചു

keralanews adujeevitham film crew including blessy and prithviraj trapped in jordan

ജോർദാൻ:കോവിഡ് മൂലം ആഗോളതലത്തില്‍ത്തന്നെ ലോക്ക്ഡൗണുകള്‍ നിലനിൽക്കുന്നതിനാൽ ‘ആടുജീവിതം’ സിനിമാ ചിത്രീകരണത്തിനായി ജോര്‍ദാനില്‍ പോയ സംവിധായകൻ ബ്ലെസ്സിയും പൃഥ്വിരാജും ഉൾപ്പെടെ 58 അംഗ സിനിമാ സംഘം ജോര്‍ദാനില്‍ കുടുങ്ങി. നാട്ടില്‍ മടങ്ങിയെത്താന്‍ സഹായിക്കണമെന്ന് ഫിലിം ചേംബറിനോട് സംവിധായകന്‍ ബ്ലെസി അഭ്യര്‍ഥിച്ചിരിക്കുകയാണ്. തുടര്‍ന്ന് ഫിലിം ചേംബര്‍ മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രി വി മുരളീധരനും നടപടികള്‍ സ്വീകരിക്കണമെന്ന് കാണിച്ച് കത്തയച്ചു.ജോര്‍ജാനിലെ വദിറം എന്ന ഇടത്ത് മരുഭൂമിയിലാണ് ഇവര്‍ കുടുങ്ങിയത്. ഇവർ ഇവിടെ മരുഭൂമിയില്‍ ക്യാമ്പ് ചെയ്യുകയായിരുന്നു. ഒരു മാസം മുൻപാണ് ഇവിടെ ഇവര്‍ ചിത്രീകരണം തുടങ്ങിയത്. സിനിമയുടെ ലൈന്‍ പ്രൊഡ്യൂസര്‍മാരും ഇവരോട് ചിത്രീകരണം തുടരാനാകില്ലെന്ന് വ്യക്തമാക്കി. ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച നിലയാണ്. ഇവരോട് അടിയന്തരമായി രാജ്യം വിടണമെന്ന നിര്‍ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ടെന്നാണ് വിവരം. നാല് ദിവസം മുൻപ് ഇവിടെ നടന്നിരുന്ന സിനിമാ ചിത്രീകരണം നിര്‍ത്തി വയ്പ്പിച്ചിരുന്നു. എട്ട് ദിവസത്തിനകം, അതായത് ഏപ്രില്‍ എട്ടിനുള്ളില്‍ വിസ കാലാവധി അവസാനിക്കും. അതിനാല്‍ തിരികെയെത്തിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിനിമാസംഘവും ഫിലിം ചേംബറും സംസ്ഥാന, കേന്ദ്രസര്‍ക്കാരുകള്‍ക്ക് കത്ത് നല്‍കി.ഇന്ത്യയിലും ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുകയും ചെയ്തതോടെ ഇവര്‍ക്ക് തിരിച്ചുവരാനുള്ള സാധ്യതയും ഇല്ലാതായിരിക്കുകയാണ്.ഏപ്രില്‍ 14 വരെയാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഇന്ത്യയില്‍ വിലക്കുള്ളത്. പക്ഷേ, ജോര്‍ദാനില്‍ത്തന്നെ സുരക്ഷിതമായ ഒരിടത്തേയ്ക്ക് സിനിമാസംഘത്തെ മാറ്റാനുള്ള നടപടികളെങ്കിലും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഫിലിം ചേംബര്‍. ഇതിന് ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍ അത്യാവശ്യമാണ്. ഇതിനായി കേന്ദ്രസര്‍ക്കാരില്‍ സംസ്ഥാനം സമ്മര്‍ദ്ദം ചെലുത്തണമെന്നും ഫിലിം ചേംബര്‍ ആവശ്യപ്പെടുന്നു.

Previous ArticleNext Article