Kerala, News

തളിപ്പറമ്പ് ടാഗോർ വിദ്യാനികേതനിൽ നറുക്കെടുപ്പിലൂടെ പ്രവേശനം നടത്തി

keralanews admission done through draw in thaliparamba tagore vidyanikethan school

തളിപ്പറമ്പ്:തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ സ്കൂളിൽ നറുക്കെടുപ്പിലൂടെ പ്രവേശനം നടത്തി.ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഇന്നലെ രാവിലെ 11 മണിയോടെയാണ് നറുക്കെടുപ്പ് നടപടികൾ ആരംഭിച്ചത്.5,8 ക്ലാസ്സുകളിലേക്കുള്ള പ്രവേശനമാണ് നടത്തിയത്. എന്നാൽ എട്ടാം ക്‌ളാസിൽ വിദ്യാർഥികൾ കുറവായതിനാൽ നറുക്കെടുപ്പ് വേണ്ടിവന്നില്ല.എട്ടാം തരത്തിലേക്ക് മലയാളം ഡിവിഷനില്‍ 34 കുട്ടികളേയും അഞ്ചാം തരത്തിൽ ഇംഗ്ലീഷ്, മലയാളം ഡിവിഷനുകളിലേക്ക് 30 പേരെ വീതവുമാണ് തെരഞ്ഞെടുക്കേണ്ടതെങ്കിലും മലയാളം മീഡിയം മാത്രമുള്ള എട്ടാംക്ലാസില്‍ ആകെ ചേര്‍ന്നത് 11 കുട്ടികള്‍ മാത്രമാണ്. ബാക്കിയുള്ള കുട്ടികള്‍ തിരിച്ചുപോയി. നേരത്തെ അപേക്ഷ നല്‍കിയവരെ മാത്രമാണ് പ്രവേശനത്തിന് പരിഗണിച്ചത്.ഇംഗ്ലീഷ് മീഡിയത്തിലേക്ക് 37 കുട്ടികളും മലയാളത്തിന് 49 കുട്ടികളുമാണ് എത്തിച്ചേര്‍ന്നത്. പട്ടികജാതി വിഭാഗത്തിനുള്ള രണ്ട് സീറ്റുകളിലേക്ക് നറുക്കെടുപ്പില്ലാതെ പ്രവേശനം നടന്നു.നേരത്തെ ഇരുന്നൂറിലേറെ കുട്ടികള്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും പ്രവേശന നടപടികള്‍ നീണ്ടുപോയതിനാല്‍ പലരും മറ്റ് സ്‌കൂളുകളില്‍ ചേര്‍ന്നതിനാലാണ് പ്രവേശനത്തിനെത്തിയ കുട്ടികളുടെ എണ്ണം കുറഞ്ഞത്. ഇതോടെ രണ്ട് മാസങ്ങളായി നീണ്ട പ്രവേശനവിവാദം താത്കാലികമായി അവസാനിച്ചിരിക്കയാണ്.വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി.ഐ.വത്സല, ഡിഇഒ കെ.രാധാകൃഷ്ണന്‍, മുഖ്യാധ്യാപകന്‍ തോമസ് ഐസക് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. സ്‌കൂളിലെ പുതുതായി പ്രവേശനം നേടിയ കുട്ടികള്‍ക്ക് നാളെ ക്ലാസുകള്‍ ആരംഭിക്കുമെന്ന് മുഖ്യാധ്യാപകന്‍ തോമസ് ഐസക്ക് പറഞ്ഞു. ഹൈക്കോടതിയുടെ അന്തിമവിധി വന്നശേഷമായിരിക്കും അടുത്തവര്‍ഷത്തെ പ്രവേശന നടപടികള്‍ ഏത് രീതിയിലാണെന്ന് തീരുമാനിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

Previous ArticleNext Article