Kerala, News

കണ്ണൂർ കേളകത്ത് ആദിവാസി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു;ഭക്ഷ്യവിഷബാധയെന്ന് സംശയം

keralanews adivasi youth dies in mysterious circumstances in kannur kelakam suspected food poisoning

കണ്ണൂർ:കേളകത്ത് ആദിവാസി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു.ഇരട്ടത്തോട് കോളനിയിലെ പുതിയ വീട്ടില്‍ രവി(40)ആണ് മരിച്ചത്.ബുധനാഴ്ച രാവിലെ അവശനിലയില്‍ കണ്ടെത്തിയ രവിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭക്ഷ്യവിഷബാധയേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.ചൊവ്വാഴ്ച രാത്രി 8 മണിയോടെ രവിയുടെ രണ്ടാമത്തെ മകന്‍ വിഷ്ണുവിനെ ഛര്‍ദ്ദിയെ തുടര്‍ന്ന് ചുങ്കക്കുന്നിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടറെ കാണിച്ച്‌ തിരിച്ച്‌ വന്ന ശേഷം രവിക്കും ഛര്‍ദ്ദിയും പേശിവലിവും അനുഭവപ്പെട്ടു. പുലര്‍ച്ചയോടെ ഇളയ മകന്‍ ജിന്‍സിനും ഛര്‍ദ്ദി അനുഭവപ്പെട്ടു. 6.30 യോടെ ഇവരെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.രവിയുടെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ഇരിട്ടി താലൂക്കാശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.ഗുരുതരാവസ്ഥയിലായ വിഷ്ണുവിനെയും ജിന്സിനെയും പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ഭക്ഷ്യ വിഷ ബാധയാണ് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ എവിടെ നിന്നാണ് ഭക്ഷ്യ വിഷ ബാധ ഏറ്റതെന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. രവിയുടെ മൃതദേഹം ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ് മോര്‍ട്ടത്തിന് അയക്കും. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണ കാരണത്തെകുറിച്ച്‌ വ്യക്തത വരൂ എന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. മിനിയാണ് ഭാര്യ. മകള്‍ വിസ്മയ (12).

Previous ArticleNext Article