തിരുവനന്തപുരം:മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഇനി മുതൽ ആധാർ നിർബന്ധം. സംസ്ഥാന ജനന-മരണ രജിസ്ട്രാർ ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കി.ഒക്ടോബർ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും.സംസ്ഥാനത്തെ എല്ലാ നഗരസഭ,ഗ്രാമപഞ്ചായത്ത്, കോർപറേഷനുകൾ എന്നിവയ്ക്ക് ഇത് സംബന്ധിച്ച സർക്കുലർ വെള്ളിയാഴ്ച ലഭിച്ചു.മരണ സർട്ടിഫിക്കറ്റിനായി അപേക്ഷിക്കുമ്പോൾ മറ്റു വിവരങ്ങൾക്കൊപ്പം മരിച്ചയാളുടെ ആധാർ നമ്പർ രേഖപ്പെടുത്തണമെന്നാണ് നിർദേശം.മരണപ്പെട്ട വ്യക്തിക്ക് ആധാർ ഇല്ലെങ്കിൽ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നയാൾ തന്റെ അറിവിൽ ഇയാൾക്ക് ആധാർ ഇല്ലെന്നുള്ള സത്യപ്രസ്താവന സമർപ്പിക്കണം.സർട്ടിഫിക്കറ്റിന് അപേക്ഷ നല്കുന്നയാളുടെ ആധാർ നമ്പറും അപേക്ഷയോടൊപ്പം വാങ്ങാനും നിർദേശമുണ്ട്.