Kerala

വിത്തുവിതരണത്തിലെ ക്രമക്കേട്;അഡിഷണൽ ഡയറക്ടർമാരായ ദമ്പതിമാർക്ക് സസ്പെൻഷൻ

keralanews additional directors suspended for corruption

തിരുവനന്തപുരം:സംസ്ഥാന വിത്തുവികസന അതോറിറ്റിയില്‍ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടത്തിയ കേസില്‍ അഡീഷണല്‍ ഡയറക്ടര്‍മാരായ അശോക് കുമാര്‍ തെക്കന്‍, പി.കെ. ബീന എന്നിവരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.  ഭാര്യാഭര്‍ത്താക്കന്മാരായ ഇരുവരും മാറിമാറിയാണ് കഴിഞ്ഞ 10 വര്‍ഷമായി ഡയറക്ടര്‍ സ്ഥാനം വഹിച്ചിരുന്നത്.സര്‍ക്കാരിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ കൃഷി വകുപ്പിന്റെ സ്പെഷ്യല്‍ വിജിലന്‍സ് സെല്‍ നടത്തിയ പരിശോധനയിലാണ് അതീവ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയത്.2007-2016 കാലഘട്ടത്തിലാണ് ക്രമക്കേടുകള്‍ നടന്നത്. വിത്തുവികസന അതോറിറ്റിയുടെ മികച്ച ബീജാങ്കുരണശേഷിയുളള വിത്തുകള്‍ ഉപയോഗിക്കാതെ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ സ്വകാര്യ ഏജന്‍സിയില്‍ നിന്ന് വിത്തുവാങ്ങി കര്‍ഷകര്‍ക്ക് നല്‍കുകയാണ് ഇരുവരുടെയും നേതൃത്വത്തില്‍ ചെയ്തത്.ഉപയോഗിക്കാതെ വച്ചതിനാല്‍ വിത്തുവികസന അതോറിറ്റിയുടെ വിത്ത് ബീജാങ്കുരണശേഷി നഷ്ടപ്പെട്ട് ഉപയോഗ ശൂന്യമായി. ഇതുവഴി സര്‍ക്കാറിനു 13.65 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഗുരുതരമായ ക്രമക്കേടുകള്‍ നടത്തുകയും ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഗുരുതരമായ വീഴ്ചയും അനാസ്ഥയും നടത്തുകയും ചെയ്തതായി അന്വേഷണത്തില്‍ വ്യക്തമായി.ഈ കാലയളവില്‍ ക്രമക്കേടുകളില്‍ പങ്കാളികളായ കേരള സംസ്ഥാന വിത്തുവികസന അതോറിറ്റിയിലെ അസിസ്റ്റന്റ് ഡയറക്ടര്‍മാരായിരുന്ന എം.ഡി. തിലകന്‍, ടി.ഉഷ, ഹണി മാത്യൂസ്, കെ.ജെ അനില്‍, കൃഷി ഓഫീസര്‍മാരായ ഷാജന്‍ മാത്യൂ, എം.എസ് സനീഷ്, വി.വി. രാജീവന്‍ എന്നിവര്‍ക്കെതിരെ വകുപ്പുതല അച്ചടക്കനടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Previous ArticleNext Article