തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് ഇന്ന് അർദ്ധരാത്രി മുതൽ അദാനി ഗ്രൂപ്പിന്.50 വര്‍ഷത്തേയ്ക്കാണ് അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുക്കുന്നത്. എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി.വി. രവീന്ദ്രനില്‍ നിന്ന് അദാനി ഗ്രൂപ്പ് നിയമിച്ച ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ജി. മധുസൂദന റാവു ഔദ്യോഗികമായി ചുമതല ഏറ്റെടുക്കും.എയർപോർട്ട് അതോറിറ്റിയും അദാനി ഗ്രൂപ്പും തമ്മിൽ കഴിഞ്ഞ ജനുവരിയിലാണ് ഇത് സംബന്ധിച്ച കരാർ ഒപ്പിട്ടത്. ആറ് മാസത്തിനകം ഏറ്റെടുക്കാനായിരുന്നു നിർദ്ദേശമെങ്കിലും വ്യോമയാന നിയന്ത്രണങ്ങളെ തുടർന്ന് സമയം നീട്ടി ആവശ്യപ്പെടുകയായിരുന്നു. അദാനിക്ക് വിമാനത്താവളം കൈമാറുന്നതിനെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളിയെങ്കിലും സുപ്രീം കോടതിയിൽ അപ്പീൽ നിലവിലുണ്ട്. നിലവിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരുടെ പങ്കാളിത്തത്തോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോകാനാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം.നിലവിലുള്ള 300 ജീവനക്കാര്‍ക്ക് മൂന്ന് വര്‍ഷം ഇവിടെ തുടരാമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.അതിന് ശേഷം ഇവർ എയർപോർട്ടിന്റെ ഭാഗമാകുകയോ എയർപോർട്ട് അതോറിറ്റിയുടെ മറ്റേതെങ്കിലും വിമാനത്താവളത്തിലേക്ക് മാറുകയോ ചെയ്യണം. തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന പേര് മാറ്റേണ്ടതില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം.വിമാനത്താവളം അദാനി ഏറ്റെടുക്കുന്നതിനെ പിന്തുണച്ചുകൊണ്ട് കോൺഗ്രസ് എംപി ശശി തരൂരും രംഗത്തെത്തി. നമ്മുടെ വിമാനത്താവളം മികച്ച രീതിയിൽ പ്രവർത്തിക്കണമെന്നത് തിരുവനന്തപുരം നിവാസികളുടെ എക്കാലത്തേയും ആഗ്രഹമാണെന്നും അവിടെ ജോലി ചെയ്യുന്നവർക്ക് ഒരു മെച്ചപ്പെട്ട ഓഫർ ആണ് അദാനി ഗ്രൂപ്പ് വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നും ശശി തരൂർ പറഞ്ഞു.