
കൊച്ചി: ചിത്രീകരണം പൂർത്തിയാക്കാതെ മടങ്ങിയതിനാലാണ് നടിക്ക് പ്രതിഫലം നൽകാതിരുന്നതെന്ന് നടനും സംവിധായകനുമായ ലാൽ. മകനും സംവിധായകനുമായ ജീൻ പോൾ സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ലെന്നും അശ്ലീല ചുവയോടെ സംസാരിച്ചുവെന്ന യുവനടിയുടെ പരാതിയോട് പ്രതികരിക്കുകയായിരുന്നു ലാൽ.ജീൻ പോൾ ലാൽ സംവിധാനം നിർവഹിച്ച ഹണിബീ-2വിൽ ചെറിയ റോളിൽ അഭിനയിക്കാനാണ് നടിയെ ക്ഷണിച്ചത്. എന്നാൽ ഷൂട്ടിംഗ് പൂർത്തിയാകാതെ സ്വന്ത ഇഷ്ടപ്രകാരം നടി സെറ്റിൽ നിന്ന് മടങ്ങുകയായിരുന്നു. നടിയുടെ പ്രകടനവും വളരെ മോശമായിരുന്നു. ഇതേത്തുടർന്നു മറ്റൊരു നടിയെ അഭിനയിപ്പിച്ചാണ് ചിത്രീകരണം പൂർത്തിയാക്കിയതെന്നും ലാൽ പറഞ്ഞു.നേരത്തെ വാഗ്ദാനം ചെയ്ത 50,000 രൂപ നടിക്ക് നൽകാൻ തയാറാണ്. പക്ഷേ നഷ്ടപരിഹാരമായി ചോദിച്ച 10 ലക്ഷം രൂപ നൽകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നടിയുടെ പരാതിയെ നിയമപരമായി നേരിടും. സിനിമയുടെ തിരക്കഥയും ചിത്രീകരണ വീഡിയോയും പോലീസിന് കൈമാറിയിട്ടുണ്ടെന്നും ലാൽ അറിയിച്ചു.