കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ മൂന്നാം ദിവസമായ ഇന്നും തുടരും.ചോദ്യം ചെയ്യലിന്റെ അവസാന ദിവസമായ ഇന്ന് പരാതിക്കാരനായ സംവിധായകൻ ബാലചന്ദ്രകുമാറിനെ കൂടി വിളിപ്പിക്കാൻ ക്രൈംബ്രാഞ്ച് ഉദ്ദേശിച്ചിരുന്നുവെങ്കിലും അത് പിന്നീട് ഒഴിവാക്കി. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന്റെ ആവശ്യമില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യംചെയ്യുക. രാത്രി എട്ട് മണിക്ക് ചോദ്യം ചെയ്യൽ അവസാനിപ്പിക്കണം എന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 22 മണിക്കൂറാണ് ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്തത്.നാളെ റിപ്പബ്ലിക് ദിനമായതിനാൽ ഹൈക്കോടതി അവധിയാണ്. അതിനാൽ കേസിന്റെ പുരോഗതിയും ചോദ്യം ചെയ്യലിന്റെ വിവരങ്ങളും വ്യാഴാഴ്ച അറിയിക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. ഈ റിപ്പോർട്ടുകൾ കൂടി പരിഗണിച്ച ശേഷമായിരിക്കും പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ് പുറപ്പെടുവിക്കുക. അതിനാൽ ദിലീപിന് ഇന്ന് നിർണായകമാണ്.
Kerala, News
നടി ആക്രമിക്കപ്പെട്ട കേസ്; ചോദ്യം ചെയ്യൽ മൂന്നാം ദിവസം; ദിലീപിന് ഇന്ന് നിർണായകം
Previous Articleഅടിമാലിയിൽ ലോറി കൊക്കയിലേയ്ക്ക് മറിഞ്ഞ് 2 മരണം