കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണാ കോടതിക്ക് എതിരായ പ്രോസിക്യൂഷന്‍ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.ചില സുപ്രധാന സാക്ഷികളെ വിസ്തരിക്കാനുള്ള പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി അംഗീകരിക്കുന്നില്ലെന്നായിരുന്നു ഹരജിയിലെ ആരോപണം. ഹരജിയില്‍ നടൻ ദിലീപ് ഉൾപ്പടെയുള്ള എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസയച്ചു.ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിന്റേതാണ് നടപടി. ജനുവരി ആറിന് ഹര്‍ജി വീണ്ടും പരിഗണിക്കും.നടിയെ ആക്രമിച്ച കേസില്‍ 16 സാക്ഷികളുടെ പുനര്‍ വിസ്താരത്തിനാണ് പ്രോസിക്യൂഷന്‍ അംഗീകാരം തേടിയത്. 16 പേരുടെ പട്ടികയില്‍ ഏഴു പേര്‍ നേരത്തെ സാക്ഷി പറഞ്ഞവരാണ്. മറ്റ് ഒൻപത് പേരില്‍ നിന്ന് പുതുതായി വിശദീകരണം തേടണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം വിചാരണ കോടതി തള്ളുകയായിരുന്നു. മൂന്ന് സാക്ഷികളുടെ വിസ്താരം മാത്രമാണ് വിചാരണാ കോടതി അനുവദിച്ചിരിക്കുന്നത്.കേസിലെ പ്രധാന വാദങ്ങൾ കോടതി രേഖപ്പെടുത്തുന്നില്ലെന്നും സ്പെഷ്യല്‍ പ്രോസിക്യൂട്ടർ സമര്‍പ്പിച്ച ഹരജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രതികളുടെ ഫോൺ രേഖകളുടെ ഒറിജിനൽ പതിപ്പുകൾ വിളിച്ചു വരുത്തണമെന്ന പ്രോസിക്യൂഷൻ ആവശ്യവും കോടതി തള്ളിയിരുന്നു. ഇതോടെ സിഡിആർ അടിസ്ഥാനമാക്കിയുള്ള നിർണ്ണായക തെളിവുകൾ അപ്രസ്ക്തമായെന്നും ഹരജിയില്‍ പറയുന്നു. ഇത് രണ്ടാം തവണയാണ് വിചാരണ കോടതി നടപടികളിൽ അതൃപ്തിയുമായി പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കുന്നത്.