കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിന്റെ രഹസ്യവിചാരണവേളയില്‍ കോടതി പരിസരത്ത് വെച്ച് അക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങളും കോടതിനടപടികളും മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമം.ഇത് ചെയ്തത് കേസിലെ അഞ്ചാം പ്രതിയുടെ സുഹൃത്തുക്കളാണെന്ന് പൊലീസ് കണ്ടെത്തി.സംഭവത്തെ തുടർന്ന് കേസിലെ അഞ്ചാം പ്രതിയായ സലീമിനേയും കൂട്ടുകാരേയും പൊലീസ് അറസ്റ്റു ചെയ്തു.ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യത പരിഗണിച്ച് അടച്ചിട്ട മുറിയിലാണ് വിചാരണ നടപടികള്‍ നടക്കുന്നത്. കോടതി മുറിയില്‍ മൊബൈല്‍ അടക്കമുള്ള സാധനങ്ങള്‍ക്ക് കോടതി വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോടതി നടപടികളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ എടുക്കുന്നതിനും വിലക്കുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതി സലീമും സുഹൃത്തായ ആഷിക്കും കോടതി ഉത്തരവ് ലംഘിച്ചതായി പൊലീസ് കണ്ടെത്തിയത്. ഓട്ടോറിക്ഷ ഡ്രൈവറായ ആഷിക് വിചാരണവേളയില്‍ സലീമിനൊപ്പം കോടതിയിലെത്തിയതാണ്. ആക്രമിക്കപ്പെട്ട നടിയുടെ കാര്‍, മുഖ്യപ്രതി പള്‍സര്‍ സുനി കോടതിയില്‍ ഇരിക്കുന്ന ചിത്രങ്ങള്‍, കോടതി കെട്ടിടങ്ങള്‍, നടി ആക്രമിക്കപ്പെട്ട എസ് യു വി കാറിന് മുന്നില്‍ സലിം നില്‍ക്കുന്ന ചിത്രം തുടങ്ങിയവ ഇരുവരുടെയും മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ചതായി പൊലീസ് അറിയിച്ചു. വൈകീട്ട് കോടതി നടപടികള്‍ അവസാനിച്ചിട്ടും ഇരുവരും കോടതി പരിസരത്ത് കറങ്ങിനടക്കുന്നത് കണ്ട് സംശയം തോന്നിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിരിക്കുകയായിരുന്നു പ്രതിയായ വടിവാള്‍ സലീം.കസ്റ്റഡിയില്‍ എടുത്ത സലീമിനെയും ആഷിക്കിനെയും ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ നേതൃത്വത്തില്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു.ചിത്രങ്ങള്‍ എടുത്തതിന് പിന്നിലെ ഉദ്ദേശം അറിയാനുള്ള അന്വേഷണത്തിലാണ് പൊലീസ്.കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായി അടുത്ത ബന്ധമുള്ള ആളാണ് സലിം.പള്‍സര്‍ സുനി നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സമയത്ത് വാഹനത്തില്‍ സലീമും ഉണ്ടായിരുന്നു.സുനിയുടെ അടുത്ത ആളായ സലിം മറ്റാരുടെയെങ്കിലും നിര്‍ദ്ദേശപ്രകാരമാണോ ചിത്രങ്ങള്‍ പകര്‍ത്തിയതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. നടിയുടെ കാറിന്റെ ചിത്രം അടക്കം പകര്‍ത്തിയത് മറ്റെന്തെങ്കിലും ലക്ഷ്യമിട്ടാണോ എന്നും അന്വേഷിക്കുന്നുണ്ട്. ഇരുവരുടെയും ഫോണിലേക്ക് വന്ന കോളുകള്‍ അടക്കം പരിശോധിച്ചുവരികയാണ്.കോടതി ഉത്തരവ് ലംഘിച്ച ഇരുവരുടെയും അറസ്റ്റ് എറണാകുളം നോര്‍ത്ത് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതി സലിം കോടതി ഉത്തരവ് ലംഘിച്ചതായും അതിനാല്‍ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടുമെന്നാണ് സൂചന.