കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന് തിരിച്ചടി. എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. അന്വേഷണം തുടരാമെന്ന് ഹൈക്കോടതി അറിയിച്ചു. ജസ്റ്റിസ് സിയാദ് റഹ്മാന്റേതാണ് ഉത്തരവ്.ഹൈകോടതി സിംഗിള്‍ ബെഞ്ച് ഒന്നര മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. മേയ് 30നു മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചു. സിബിഐ അന്വേഷണം വേണമെന്ന ദിലീപിന്റെ ആവശ്യവും കോടതി നിഷേധിച്ചു.അന്വേഷണ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും മാധ്യമങ്ങളുമായി പങ്കുവയ്ക്കരുതെന്നും കോടതി നിര്‍ദേശിച്ചു. മാധ്യമങ്ങള്‍ക്കു വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നില്ലെന്നു ഡിജിപി ഉറപ്പു വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.കേസിൽ യാതൊരു തെളിവുകളുമില്ലെന്നും സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ മാത്രം അടിസ്ഥാനത്തിലാണ് കേസ് എടുത്തതെന്നുമായിരുന്നു ദിലീപിന്റെ വാദം. ആരോപണങ്ങൾ തെളിയിക്കാനുള്ള തെളിവുകളില്ലെന്നും കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്ഐആർ നിലനിൽക്കില്ലെന്നും ദിലീപ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കേസ് വധഗൂഢാലോചനാ കേസ് റദ്ദാക്കില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.അതേസമയം മാധ്യമ വിചാരണ തടയണം എന്നാവശ്യപ്പെട്ടുള്ള പ്രതി സുരാജിന്റെ ഹര്‍ജിയിലും ഹൈകോടതി ഇടക്കാല ഉത്തരവിട്ടു. മൂന്നാഴ്ചത്തേയ്ക്ക് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതിനാണ് വിലക്ക്.