കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷനെതിരെ പരാതിയുമായി നടൻ ദിലീപ് രംഗത്ത്. കേസ് അട്ടിമറിക്കാനാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ അഭിമുഖം വഴി ശ്രമിക്കുന്നത്. നടി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയതിന് പിന്നിൽ പ്രോസിക്യൂഷനാണ്. പരാതിക്ക് പിന്നിൽ അന്വേഷണ ഉദ്യോഗസ്ഥനുമുണ്ട്. 202-ാം സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നതിന്റെ തലേദിവസമാണ് പരാതി രൂപപ്പെട്ടതെന്നും ദിലീപ് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനായ ബിജു പൗലോസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. വിസ്താരം നടന്നിരുന്നെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തൽ തെറ്റുമായിരുന്നു. പ്രോസിക്യൂട്ടറെ രാജി വെപ്പിച്ചത് വിസ്താരം അനാവശ്യമായി നീട്ടാനാണ്. ബിജു പൗലോസിനെതിരെയും നടപടിയെടുക്കണമെന്ന് പരാതിയിൽ ദിലീപ് ആവശ്യപ്പെടുന്നു. തുടരന്വേഷണ ഹർജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിയ്ക്കും ക്രൈംബ്രാഞ്ച് എഡിജിപിയ്ക്കും ദിലീപ് പരാതി നൽകി. ബാലചന്ദ്രന്റെ പരാതിയിൽ തുടരന്വേഷണം നടത്തുന്നതിൽ എതിർപ്പില്ല. ഗൂഢാലോചന നടത്തിയ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ അന്വേഷണം ഏൽപ്പിക്കരുതെന്നും ദിലീപ് പരാതിയിൽ പറയുന്നു.