കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ നടൻ ദിലീപിനെ പോലീസ് ഉടൻ ചോദ്യം ചെയ്തേക്കും.പൾസർ സുനിയെയും ചോദ്യം ചെയ്യാനാണ് നീക്കം. ഇതിനായി വിചാരണ കോടതിയുടെ അനുമതി തേടും. സുനിയെ ചോദ്യം ചെയ്തതിന് ശേഷമായിരിക്കും നടനെ ചോദ്യം ചെയ്യുക. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് പൾസർ സുനി. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം വേഗത്തിലാക്കാനാണ് പോലീസിന് ലഭിച്ച നിർദേശം.ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ പ്രധാനമായും പൾസർ സുനിയും ദിലീപും തമ്മിലുള്ള ബന്ധമാണ് പരാമർശിക്കുന്നത്. സംവിധായകന്റെ മൊഴി കോടതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കേസന്വേഷണത്തിനായി പ്രത്യേക സംഘം നിയോഗിക്കുമെന്നാണ് വിവരം. ഇത് സംബന്ധിച്ച തീരുമാനം സംസ്ഥാന പോലീസ് മേധാവി അറിയിക്കും. ഈ മാസം 20നകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.അതേസമയം കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴിയെടുക്കാൻ അന്വേഷണ സംഘം കോടതിയെ സമീപിച്ചു. എറണാകുളം സി.ജെ.എം കോടതിയിലാണ് അപേക്ഷ നൽകിയത്. രഹസ്യ മൊഴി രേഖപ്പെടുത്താന്‍ ഏതെങ്കിലും മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തണമെന്ന ആവശ്യമാണ് അന്വേഷണ സംഘം ഉയര്‍ത്തിയിട്ടുള്ളത്. ബാലചന്ദ്രകുമാറിന്റെ മൊബൈല്‍ ഫോണ്‍, പെന്‍ ഡ്രൈവിലാക്കി നല്കിയ വിവരങ്ങള്‍ എന്നിവ കഴിഞ്ഞ ദിവസം പ്രോസിക്യൂഷന് കോടതിക്ക് സമര്‍പ്പിച്ചിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 164 സ്റ്റേറ്റ്മെന്റ് രേഖപ്പെടുത്തണമെന്ന ആവശ്യമാണ് പ്രോസിക്യൂഷന് കോടതിയില്‍ ഉന്നയിച്ചിട്ടുള്ളത്.