കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ, ദിലീപ് അടക്കമുള്ള പ്രതികൾ ഒളിപ്പിച്ച മൊബൈൽ ഫോണുകൾ ഇന്ന് ഉച്ചയോടെ ഹാജരാക്കാൻ നിർദേശം നൽകി ക്രൈം ബ്രാഞ്ച്.ഉച്ചയ്‌ക്ക് രണ്ടരയ്‌ക്ക് മുൻപ് ക്രൈംബ്രാഞ്ചിന് മുന്നിൽ ഫോണുകൾ ഹാജരാക്കാനാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. ദിലീപ്, സഹോദരൻ അനൂപ്, അപ്പു എന്നിവർക്കാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയത്.ഡിസംബർ ഒമ്പതിന് വധഭീഷണി കേസ് എടുത്തതിന് പിന്നാലെ, പ്രതികൾ ഉപയോഗിച്ചിരുന്ന അഞ്ച് ഫോണുകൾ മാറ്റുകയും പുതിയ ഫോണുകളിൽ സിംകാർഡ് ഇട്ടെന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഗൂഢാലോചനയുടെ നിർണ്ണായക തെളിവുകൾ ലഭിച്ചേക്കാമെന്ന് കരുതുന്ന ഫോൺ ഒളിപ്പിച്ചത് തെളിവ് നശിപ്പിക്കാൻ ആണെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ. കൂടാതെ, ഇവരുടെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ പിടിച്ചെടുത്ത ഫോൺ പുതിയതാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.ഇന്ന് ഉച്ചയോടെ ഫോൺ ഹാജരാക്കാത്ത പക്ഷം ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ച് പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ആവശ്യം ഉന്നയിക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. ഇന്നലെയാണ് കേസില്‍ മൂന്ന് ദിവസമായി തുടരുന്ന ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത്. 33 മണിക്കൂറാണ് ദിലീപിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് വ്യാഴാഴ്ച കോടതിയില്‍ സമർപ്പിക്കും. അതിനുശേഷമായിരിക്കും ദിലീപ് ഉള്‍പ്പെടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയുക. അതുവരെ അറസ്റ്റ് പാടില്ലെന്നു കോടതി ഉത്തരവിട്ടിരുന്നു.ദിലീപ്, സഹോദരന്‍ പി. ശിവകുമാര്‍, സഹോദരി ഭര്‍ത്താവ് ടി.എന്‍.സൂരജ്, ബി.ആര്‍.ബൈജു, ആര്‍.കൃഷ്ണപ്രസാദ്, ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളാണു കോടതിയുടെ മുന്നിലുള്ളത്. അതിനിടെ, നടിയെ ആക്രമിച്ച കേസിൽ അധിക സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കാൻ ഹൈക്കോടതി 10 ദിവസം കൂടി സമയം അനുവദിച്ചു. പ്രോസിക്യൂഷൻ അപേക്ഷയിലാണ് നടപടി.