കോഴിക്കോട്: നടൻ മാമുക്കോയ(76) അന്തരിച്ചു.കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഹൃദയഘാതവും തലച്ചോറിലുണ്ടായ രക്തസ്രാവവുമാണ് മരണകാരണം. കഴിഞ്ഞ ദിവസം മലപ്പുറം കാളികാവിൽ ഫുട്‌ബോൾ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നില വഷളയാതോടെ കോഴിക്കോടുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച മുതൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ നാളെയാണ് സംസ്കാരം. നാടകത്തിലൂടെ അഭിനയം തുടങ്ങി സിനിമയിൽ എത്തിയ നടനായിരുന്നു മാമുക്കോയ. 1946 ൽ കോഴിക്കോട് പള്ളിക്കണ്ടിയിലായിരുന്നു ജനനം. തടിപ്പണിക്കാരനായി ജീവിതം തുടങ്ങി. ‘അന്യരുടെ ഭൂമി’ ചിത്രത്തിലൂടെ ആദ്യമായി സിനിമ രംഗത്തേക്ക് പ്രവേശിച്ചു. ‘ദൂരെ ദൂരെ ഒരു കൂടു കൂട്ടാം’ സിനിമയിലെ മുൻഷിയുടെ വേഷത്തിലൂടെ ശ്രദ്ധേയനായി. പിന്നീട് സത്യൻ അന്തിക്കാട് അടക്കമുള്ളവരുടെ സിനിമകളിലൂടെ തിരക്കേറിയ നടനായി.കോഴിക്കോട് പള്ളിക്കണ്ടിയിൽ മമ്മദിൻറെയും ഇമ്പിച്ചി ആയിഷയുടെയും മകനായി 1946 ജൂലൈ അഞ്ചിനായിരുന്നു ജനനം. സുഹ്റയാണ് ഭാര്യ. മക്കൾ: മുഹമ്മദ് നിസാർ, ഷാഹിദ, നാദിയ, അബ്ദുൾ റഷീദ്.