കൊല്ലം:വില്ലൻ വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ നടൻ കൊല്ലം അജിത് അന്തരിച്ചു.ഇന്ന് പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഉദര സംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിലായിരുന്നു. തൊണ്ണൂറുകളിൽ വില്ലൻ വേഷങ്ങളിലൂടെയാണ് അജിത് അഭിനയരംഗത്തെത്തിയത്.1984ൽ പി. പദ്മരാജന്‍ സംവിധാനം ചെയ്ത “പറന്ന് പറന്ന് പറന്ന് ‘ എന്ന സിനിമയില്‍ ചെറിയ വേഷത്തിലാണു തുടക്കം. പിന്നീട് പദ്മരാജന്‍റെ സിനിമകളിലെ സ്ഥിര സാന്നിധ്യമായി മാറി അദ്ദേഹം.1989 ല്‍ പുറത്തിറങ്ങിയ അഗ്നിപ്രവേശം എന്ന ചിത്രത്തില്‍ നായകവേഷത്തിലെത്തി.പക്ഷേ പിന്നീട് അഭിനയിച്ചത് ഏറെയും വില്ലന്‍ വേഷങ്ങളാണ്.ദൂരദര്‍ശനിലെ ആദ്യകാല പരമ്പരകളിലൊന്നായ “കൈരളി വിലാസം ലോഡ്ജ്’ അടക്കം നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. പാവക്കൂത്ത്, വജ്രം, കടമറ്റത്ത് കത്തനാർ, സ്വാമി അയ്യപ്പൻ, തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു. 2012 ഇൽ ഇറങ്ങിയ ഇവൻ അർദ്ധനാരിയാണ് അവസാനമായി അഭിനയിച്ച ചിത്രം.മൂന്നുപതിറ്റാണ്ടിലേറെയായി അഭിനയരംഗത്ത് തിളങ്ങിയ അജിത്ത് “കോളിംഗ് ബെൽ’ എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. പ്രമീളയാണ് ഭാര്യ. മക്കൾ: ശ്രീക്കുട്ടി, ശ്രീഹരി.