കൊച്ചി: നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രൻ(69) അന്തരിച്ചു.സിനിമാ-നാടക പ്രവർത്തകനും അദ്ധ്യാപകനുമായിരുന്നു പി ബാലചന്ദ്രൻ. പുലർച്ചെ അഞ്ചുമണിയോടെ വൈക്കത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. എട്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം വൈകീട്ട് മൂന്നുമണിക്ക് വീട്ടുവളപ്പിൽ നടക്കും.നടൻ, എഴുത്തുകാരൻ, തിരകഥാകൃത്ത്, സംവിധായകൻ, നാടക പ്രവർത്തകൻ, അധ്യാപകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു. 50ഓളം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.ഉള്ളടക്കം, അങ്കിൾ ബൺ, പവിത്രം, തച്ചോളി വർഗ്ഗീസ് ചേകവർ, അഗ്‌നിദേവൻ , മാനസം, പുനരധിവാസം , പോലീസ് തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവുമെഴുതി. വക്കാലത്ത് നാരായണൻ കുട്ടി, ശേഷം, പുനരധിവാസം ,ശിവം,ജലമർമ്മരം,ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇവൻ മേഘരൂപൻ എന്ന സിനിമയിലൂടെ ചലച്ചിത്രസംവിധായകനായി.1989ലെ മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡും പുനരധിവാസം എന്ന ചിത്രത്തിന്റെ തിരക്കഥക്ക് 1999ലെ കേരള ചലച്ചിത്ര അക്കാദമി അവാർഡുകളും നേടി. മികച്ച നാടക രചനക്കുള്ള 2009 ലെ കേരള സംഗീത അക്കാദമി അവാർഡും ബാലചന്ദ്രനെ തേടിയെത്തിയിരുന്നു.കേരള സർവ്വകലാശാലയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തരബിരുദവും, അധ്യാപന രംഗത്തെ ബി.എഡ് ബിരുദവും നേടിയിരുന്നു. തൃശ്ശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്ന് സംവിധാനം ഐച്ഛികമായി നാടക-തീയറ്റർ കലയിൽ ബിരുദവുമെടുത്തശേഷം സ്‌കൂൾ ഓഫ് ഡ്രാമയിൽ കുറച്ചു കാലം അദ്ധ്യാപകൻ ആയിരുന്നു.