തൃശൂർ: നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു.തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽ നടൻ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകട സമയത്ത് മുന്നിലെ സീറ്റിലാണ് കൊല്ലം സുധി ഇരുന്നത്. ഉല്ലാസ് അരൂർ എന്നയാളാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തിൽ പരിക്കേറ്റ ബിനു അടിമാലി, മഹേഷ് എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബിനു അടിമാലിയുടെ മുഖത്ത് പൊട്ടലുകളുണ്ട്. ഹാസ്യപരിപാടികളിലും സ്റ്റേജ് പ്രോഗ്രാമുകളിലും സജീവ സാന്നിദ്ധ്യമായിരുന്നു.2015-ൽ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സുധി സിനിമാ രംഗത്തെത്തിയത്. കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, കുട്ടനാടൻ മാർപാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആൻ ഇന്റർനാഷ്ണൽ ലോക്കൽ സ്റ്റോറി, കേശു ഈ വീടിന്റെ നാഥൻ, എസ്കേപ്പ്, സ്വർഗത്തിലെ കട്ടുറുമ്പ് എന്നിവയാണ് സുധി അഭിനയിച്ച സിനിമകൾ.