മട്ടന്നൂർ:ബസ് പുറപ്പെടും മുൻപ് വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്തിയ സംഭവത്തിൽ കണ്ടക്റ്റർക്കെതിരെ നടപടിയെടുത്തു.കണ്ണൂർ-ഇരിട്ടി റൂട്ടിൽ സർവീസ് നടത്തുന്ന ‘ലക്ഷ്യ’ ബസ്സിലെ കണ്ടക്റ്റർ എം.പി പ്രജിത്തിന്റെ ലൈസൻസ് തലശ്ശേരി ജോയിന്റ് ആർടിഒ ഉണ്ണികൃഷ്ണൻ രണ്ടുമാസത്തേക്ക് റദ്ദാക്കി.ബസ് ജീവനക്കാരിൽ നിന്നും പിഴയീടാക്കുകയും ചെയ്തു.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പരീക്ഷയെഴുതാൻ പോകുന്ന വിദ്യാർത്ഥികളെ വെയിലിൽ ബസ്സിന് പുറത്തു നിർത്തിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.ഇതേ തുടർന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ ചൊവ്വാഴ്ച മുതൽ മട്ടന്നൂർ സ്റ്റാൻഡിൽ പരിശോധന നടത്തി.കുട്ടികളെ ബസ്സിൽ കയറാൻ അനുവദിക്കാത്ത അഞ്ചു ബസുകളിലെ കണ്ടക്ട്ടർമാരുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്തു.കുട്ടികളെ പുറത്തുനിർത്തിയ സംഭവം വിവാദമായതിനെ തുടർന്ന് ലക്ഷ്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.സംഭവത്തിൽ ബാലാവകാശ കമ്മീഷനും രംഗത്ത് വന്നു.വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്തിയ സംഭവത്തിൽ അധികൃതരിൽ നിന്നും കമ്മീഷൻ വിശദീകരണം തേടി.സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസും മോട്ടോർ വാഹന വകുപ്പും ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ചെയർമാൻ അഡ്വ.പി.സുരേഷ് നിർദേശം നൽകി.