കണ്ണൂർ:പിണറായിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയ സംഭവത്തിൽ യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിൽ അന്വേഷണ സംഘത്തിന് വീഴ്ചപറ്റിയതായി നാട്ടുകാരും ബന്ധുക്കളും കർമസമിതി പ്രവർത്തകരും ആരോപിച്ചു.കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൗമ്യയ്ക്ക് പുറമെ കൂടുതൽപേർക്ക് സംഭവത്തിൽ പങ്കുണ്ടെന്നും ഇവർ പറഞ്ഞു. കേസന്വേഷണം മറ്റേതെങ്കിലും ഏജൻസികളെ ഏൽപ്പിക്കണമെന്നും ഇതിനു സർക്കാർ മുൻകൈ എടുത്തില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും ബന്ധുക്കൾ പറഞ്ഞു. കേസന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് ശേഖരിച്ച ഫോൺ രേഖകൾ പരിശോധിച്ചതുൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ കോടതിയിൽ സമർപ്പിച്ചിട്ടില്ല.ആറു മൊബൈൽ ഫോണുകളും ഒരു ടാബുമാണ് സൗമ്യയിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തത്. മൊബൈൽ ഫോൺ രേഖകൾ പരിശോധിക്കാൻ സാവകാശം വേണമെന്ന് ആദ്യം ആവശ്യപ്പെട്ട പോലീസ് പിന്നീട് സൗമ്യയുടെ കൂട്ടാളികളെ കേസുമായി ബന്ധപ്പെടുത്താൻ ആവശ്യമായ തെളിവുകൾ ഇല്ലെന്നാണ് ബന്ധുക്കളെ അറിയിച്ചത്.സ്വന്തം മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തി ജയിലിൽ പോയ സൗമ്യയെ ജയിലിൽ വെച്ച് ആത്മഹത്യയിലേക്ക് നയിച്ച കാര്യവും അന്വേഷിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.ജയിലിൽ നിന്നും പുറത്തിറങ്ങിയാൽ ‘അവനെ’ കൊലപ്പെടുത്തി യഥാർത്ഥ കൊലയാളിയായി ജയിലിലേക്ക് തിരികെ വരുമെന്ന് സൗമ്യയുടെ ഡയറിക്കുറിപ്പിൽ ഉണ്ടായിരുന്നു.ഇതിൽ പറഞ്ഞിരിക്കുന്ന ‘അവനെ’ കണ്ടെത്തേണ്ട ചുമതല പോലീസിനാണെന്നും കർമസമിതി പ്രവർത്തകർ പറഞ്ഞു.