കൊച്ചി: ദേശീയ പാതയില്‍ മുന്‍ മിസ്‌കേരള ഉള്‍പ്പെടെ മൂന്ന് പേര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തിൽ ഇതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി ഫോര്‍ട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ ഹാജരായി. നമ്പർ 18 ഹോട്ടലില്‍ നടന്ന ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷമുള്ള മടക്കയാത്രയ്‌ക്കിടെയാണ് മോഡലുകള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുന്നത്.എറണാകുളം സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലാണ് ചോദ്യം ചെയ്യല്‍.കഴിഞ്ഞ ദിവസം റോയ് ഡിസിപി ഓഫീസിലെത്തി നോട്ടീസ് കൈപ്പറ്റിയിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാവുകയായിരുന്നു. ഡിജിപിയുടെ താക്കീതിനെ തുടര്‍ന്നാണ് റോയിക്ക് നിയമപരമായി നോട്ടീസ് നല്‍കാന്‍ പോലീസ് തയ്യാറായത്. റോയിക്കെതിരെ നടപടി വൈകുന്നത് ചൂണ്ടിക്കാട്ടി ഡിജിപി കമ്മീഷണറോട് വിശദീകരണം തേടിയിരുന്നു. കേസ് ഒതുക്കാന്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു കേസില്‍ ഡിജിപിയുടെ ഇടപെടല്‍.സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങള്‍ അടങ്ങിയ ഒരു ഡിവിആര്‍ റോയി ഇന്ന് പോലീസിന് കൈമാറിയതായാണ് വിവരം. ബാക്കി ദൃശ്യങ്ങള്‍ ഉടന്‍ എത്തിക്കാമെന്നാണ് റോയി പോലീസിനെ അറിയിച്ചിരിക്കുന്നത്. ലഭിച്ച ദൃശ്യങ്ങള്‍ പരിശോധനയ്‌ക്ക് വിധേയമാക്കും.പല ഉന്നതരുമായും ബന്ധമുള്ള റോയിയെ പോലീസ് ചോദ്യം ചെയ്യുന്നതിനായി നേരത്തേ രണ്ടു തവണ വിളിപ്പിച്ചെങ്കിലും ഇയാള്‍ ഹാജരായിരുന്നില്ല.മോഡലുകള്‍ ഡിജെ പാര്‍ട്ടിയില്‍ പങ്ക് എടുത്ത ഹോട്ടലിലെ സിസിടിവി ദൃശ്യം റോയിയുടെ നിര്‍ദ്ദേശപ്രകാരം മാറ്റി എന്നായിരുന്നു ജീവനക്കാരുടെ മൊഴി. റോയിയുടെ വീട്ടിലും നേരത്തെ പോലീസ് പരിശോധന നടത്തിയിരുന്നു.