ന്യൂഡൽഹി:മിന്നും വിജയം നേടി അധികാര തുടര്ച്ചയിലെത്തിയആം ആദ്മി പാർട്ടി ഡൽഹിയിൽ സർക്കാർ രൂപീകരണത്തിനായുള്ള ചർച്ചകൾ തുടങ്ങി. പാര്‍ട്ടിയുടെ നിയമസഭാ കക്ഷി യോഗം ഇന്ന് രാവിലെ 11.30 ന് ഡല്‍ഹിയില്‍ ചേരും.70 സീറ്റില്‍ 62ഉം നേടിയാണ് പാര്‍ട്ടി ഡല്‍ഹിയില്‍ വീണ്ടും അധികാരത്തിലെത്തുന്നത്.അരവിന്ദ് കേജ്രിവാളിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കും. അതിന് ശേഷം ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിനെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുമെന്നാണ് വിവരം.രാംലീല മൈതാനത്ത് വച്ച് ഈ മാസം 14നോ 16നോ സത്യപ്രതിജ്ഞ നടത്താനാണ് നീക്കം.ഇത്തവണത്തെ ശ്രദ്ധേയരായ സ്ഥാനാര്ഥികളായിരുന്ന അതിഷി മര്‍ലേന, രാഘവ് ചന്ദ തുടങ്ങിയവര്‍ക്ക് മന്ത്രി പദം നല്‍കിയേക്കും.ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂ ളുകളുടെ മുഖം മാറ്റാന്‍ സുപ്രധാന പങ്കുവഹിച്ച അതിഷിക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കിയേക്കും. നിലവില്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന മനീഷ് സിസോദിയക്ക് മറ്റ് സുപ്രധാന വകുപ്പ് നല്‍കാനാണ് സാധ്യത.പാര്‍ട്ടി വക്താക്കളും ജയിച്ചതിനാല്‍ പാര്‍ട്ടിയില്‍ പുനഃസംഘടനയും ഉണ്ടായേക്കും.ഹാട്രിക് വിജയവുമായി അരവിന്ദ് കെജ്രിവാൾ വീണ്ടും എത്തുമ്പോള്‍ പ്രതീക്ഷയിലാണ് ഡല്‍ഹി ജനത.