ന്യൂഡൽഹി: ജൂലൈ ഒന്നു മുതല്‍ നികുതിദായകര്‍ ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. ആദായനികുതി നിയമം ഭേദഗതി ചെയ്തും വിജ്ഞാപനം പുറപ്പെടുവിച്ചുമാണ് നടപടി കര്‍ശനമാക്കിയത്. ഇനി മുതല്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോഴും ആധാര്‍ നമ്പര്‍ നല്‍കണം.ഒന്നിലേറെ പാന്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് നികുതി വെട്ടിപ്പ് നടത്താനുള്ള സാധ്യത തടയാനാണ് നടപടി. ജൂലൈ ഒന്നു മുതല്‍ ഇത് നടപ്പാക്കി തുടങ്ങും. ഇതിനോടകം രണ്ടു കോടിയിലേറെ പേര്‍ പാന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിച്ചു കഴിഞ്ഞു. രാജ്യത്ത് 25 കോടിയോളം പേര്‍ക്കാണ് പാന്‍ കാര്‍ഡുള്ളത്. പാന്‍ കാര്‍ഡ് എടുക്കുന്നതിനും ആദായ നികുതി അടക്കുന്നതിനും ആധാര്‍ വേണമെന്ന വ്യവസ്ഥ നേരത്തെ സുപ്രിംകോടതി ശരിവെച്ചിരുന്നു.