പാലക്കാട്: പാലക്കാട്ടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ എ.വി. ഗോപിനാഥ് പാര്‍ട്ടി വിട്ടു. പാര്‍ട്ടി വിടുന്നതിന്‍റെ ഭാഗമായി കോണ്‍ഗ്രസ് പ്രാഥമിക അംഗത്വം ഗോപിനാഥ് രാജിവെച്ചു. സ്വദേശമായ പെരിങ്ങോട്ടുകുറുശ്ശിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഗോപിനാഥ് തീരുമാനം പ്രഖ്യാപിച്ചത്.കോണ്‍ഗ്രസിന് വേണ്ടിയാണ് ജീവിതം ഉഴിഞ്ഞുവെച്ചതെന്ന് ഗോപിനാഥ് പറഞ്ഞു. മനസിനെ തളര്‍ത്തുന്ന സംഭവങ്ങള്‍ പാര്‍ട്ടിയില്‍ ആവര്‍ത്തിക്കുന്നു. പ്രതീക്ഷ ഇല്ലാത്ത യാത്ര അവസാനിപ്പിക്കാന്‍ മനസ് പറയുന്നുവെന്നും എ.വി ഗോപിനാഥ് വ്യക്തമാക്കി.രാജി അനിവാര്യമാണെന്ന് സ്വയം തോന്നിയതിനാലാണ് കോൺഗ്രസ് വിട്ടതെന്നും മറ്റ് പാർട്ടിയിലേക്ക് ഉടനില്ലെന്നും ഗോപിനാഥ് അറിയിച്ചു.കോൺഗ്രസ് തന്റെ ജീവനാഡിയാണ്. പ്രസ്ഥാനത്തിന് വേണ്ടി നിരവധി പ്രവർത്തനങ്ങൾ ചെയ്തു. നാൽപത്തിമൂന്ന് വർഷത്തോളം പാലക്കാടിനെ കോൺഗ്രസിന്റെ ഉരുക്ക് കോട്ടയായി സംരക്ഷിച്ചു. എന്നാൽ കോൺഗ്രസ് നേതാക്കൾക്ക് തന്റെ പ്രതീക്ഷയ്‌ക്കൊത്ത് വളരാൻ സാധിച്ചില്ലെന്ന് ഗോപിനാഥ് പറഞ്ഞു. മുന്‍ ആലത്തൂര്‍ എം.എല്‍.എയായ ഗോപിനാഥ് പതിറ്റാണ്ടോളം പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. മുന്‍ ഡി.സി.സി അധ്യക്ഷന്‍ കൂടിയായിരുന്ന ഗോപിനാഥ്, നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് സീറ്റിനെ ചൊല്ലി നേതൃത്വവുമായി പരസ്യമായി ഇടഞ്ഞിരുന്നു. നേരത്തെ കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഗോപിനാഥ് പ്രതികരിച്ചത്. അനില്‍ അക്കരയ്ക്ക് മാനസിക രോഗമാണ്. ഞാന്‍ ആരുടേയും എച്ചില്‍ നക്കാന്‍ പോയിട്ടില്ല. എന്നാല്‍ എന്റെ വീട്ടില്‍ വന്ന് പലരും നക്കിയിട്ടുണ്ട്. അതാരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് ഗോപിനാഥ് പറഞ്ഞു.നിരവധി സ്ഥാനമാനങ്ങള്‍ പാര്‍ട്ടി നല്‍കിയിട്ടും വീണ്ടും എന്തിനാണ് ഡിസിസി പ്രസിഡന്റ് ആകുവാന്‍ ഗോപിനാഥ് ശ്രമിക്കുന്നത് എന്ന് അനില്‍ അക്കരെ ചോദിച്ചിരുന്നു. പാർട്ടി അംഗത്വം രാജിവെച്ച ഗോപിനാഥ് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തുകയും ചെയ്തു.മുഖ്യമന്ത്രി പിണറായി വിജയന്‍ മഹത്തായ പാരമ്ബര്യമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവാണെന്നും അദ്ദേഹത്തിന്റെ വീട്ടിലെ വേലക്കാരനാകുക എന്നത് അഭിമാനകരമായ കാര്യമാണെന്നും ഗോപിനാഥ് പറഞ്ഞു.