പാലക്കാട്:പാലക്കാട് നഗരത്തിൽ നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മൂന്നു നില കെട്ടിടം തകർന്നു വീണു.മുൻസിപ്പൽ ബസ്സ്റ്റാൻഡിന് സമീപത്തുള്ള കെട്ടിടമാണ് തകർന്നു വീണത്.കാലപ്പഴക്കമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും അഞ്ച് പേരെ നാട്ടുകാരും അഗ്നിശമനസേന പ്രവര്‍ത്തകരും ചേര്‍ന്ന് പുറത്തെടുത്തു. കൂടുതല്‍ ആളുകള്‍ കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടപ്പുണ്ടോ എന്ന് പരിശോധന തുടരുകയാണ്.ഉച്ചയ്ക്ക് ഒന്നോടെയാണ് ദുരന്തമുണ്ടായത്. ഉച്ചയൂണിനായി പല സ്ഥാപനങ്ങളും അടച്ചതിനാല്‍ കെട്ടിടത്തിനുള്ളില്‍ ആളുകള്‍ കുറവായിരിക്കും എന്ന അനുമാനത്തിലാണ് പോലീസ്. എങ്കിലും ഇരുപതോളം പേരെങ്കിലും കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നുവെന്നും സംശയിക്കുന്നുണ്ട്. കെട്ടിടത്തിന്‍റെ ഏറ്റവും മുകള്‍ഭാഗം ടിന്‍ഷീറ്റ് ഇട്ട നിലയിലായിരുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.