കോട്ടയം: മലയാളം വായിച്ചത് ശരിയായില്ലെന്ന കാരണത്താൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച അധ്യാപികയെ സസ്‌പെൻഡ് ചെയ്തു. മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് സ്കൂളിലെ മലയാളം അധ്യാപിക മിനി ജോസിനെയാണ് സസ്പെന്റ് ചെയ്തത്.സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുറുപ്പന്തറ കളത്തൂക്കുന്നേല്‍ സൗമ്യയുടെ മകന്‍ പ്രണവ് രാജിനെയാണ് ക്ലാസ് ടീച്ചര്‍ തല്ലിയത്. മലയാളം പുസ്തകം വായിക്കാന്‍ ആവശ്യപ്പെട്ട ടീച്ചര്‍ കുട്ടി വായിക്കുന്നതിനിടെ ശരിയായില്ലെന്ന് പറഞ്ഞ് ചൂരലുപയോഗിച്ച് കൂരമായി തല്ലുകയായിരുന്നെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കുട്ടിയുടെ ഇരുകാലുകളിലുമായി അടിയുടെ 21 പാടുകളുണ്ട്. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടിയുടെ കാലില്‍ നീര് കണ്ട അമ്മൂമ്മ കാര്യം തിരക്കിയപ്പോഴാണ് ടീച്ചര്‍ തല്ലിയ കാര്യം പറഞ്ഞത്.ഉടന്‍ തന്നെ കുട്ടിയെയും കൊണ്ട് അമ്മൂമ്മ സ്‌കൂളിലെത്തി. എന്നാല്‍ അപ്പേഴേക്കും അധ്യാപിക വീട്ടിലേക്ക് പോയിരുന്നു. എങ്കിലും മറ്റുള്ള അധ്യാപകര്‍ വ്യാഴാഴ്ച വിവരം തിരക്കാമെന്ന് പറഞ്ഞ് ഇവരെ മടക്കി അയച്ചു.വിദ്യാര്‍ത്ഥിയെ പിന്നീട് വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.ടീച്ചറോട് ചോദിച്ചപ്പോള്‍ മലയാളം വായിച്ച് കണ്ണ് തെളിയാനാണ് കുട്ടിയെ തല്ലിയതെന്നാണ് മറുപടി നല്‍കിയതെന്ന് അമ്മ പറഞ്ഞു.തുടര്‍ന്ന് ജനമൈത്രി പൊലീസുമായി ബന്ധപ്പെട്ട് ഇവര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. സംഭവം വിവാദമായതോടെ സ്‌കൂള്‍ അധികൃതര്‍ ക്ഷമചോദിച്ച് വീട്ടിലെത്തി. എന്നാല്‍ പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് വീട്ടുകാര്‍ അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ ഇതിനെക്കുറിച്ച് പറഞ്ഞതിങ്ങനെ, പഠനത്തില്‍ അല്‍പം പിന്നോട്ടായിരുന്നതിനാല്‍ കുട്ടിക്ക് തല്ല് കൊടുക്കാന്‍ അധ്യാപികയോട് പറഞ്ഞിരുന്നു. അധ്യാപിക ഇന്നലെ ഉച്ചക്ക് ശേഷമുള്ള പീരിയഡില്‍ മലയാളം പാഠപുസ്തകം വായിക്കാന്‍ കുട്ടിയെ വിളിപ്പിക്കുകയായിരുന്നു. ശേഷം പുസ്തകം വായിക്കാന്‍ കുട്ടി ബുദ്ധിമുട്ടിയതിനെത്തുടര്‍ന്ന ക്രൂരമായി മര്‍ദ്ധിക്കുകയായിരുന്നു.സംഭവത്തിൽ അധ്യാപികയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ ഇന്ന് സ്കൂളിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു.നടപടികളുടെ ഭാഗമായാണ് അധ്യാപികയെ സസ്‌പെൻഡ് ചെയ്തത്.