Kerala, News

കടബാധ്യത; വയനാട്ടില്‍ സ്വകാര്യ ബസ്സുടമ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

keralanews a private bus owner committed suicide in wayanad due to debt

വയനാട്:അമ്പലവയലിൽ സ്വകാര്യ ബസ്സുടമ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.കടല്‍മാട് പെരുമ്പാടിക്കുന്ന് പാലഞ്ചേരി പി.സി. രാജമണി ( 48) ആണ് മരിച്ചത്. വീടിന് സമീപത്തെ തോട്ടത്തില്‍ വിഷം ഉള്ളില്‍ ചെന്ന് അവശ നിലയില്‍ കണ്ട രാജമണിയെ നാട്ടുകാര്‍ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ അര്‍ധരാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. കടല്‍മാട് നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോകുന്ന ബ്രഹ്മപുത്ര ബസിന്റെ ഉടമയാണ് രാജമണി. കൊവിഡ് മൂലം ബസ്സിന്റെ ഓട്ടം നിലച്ചതോടെ രാജാമണി കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയിരുന്നെന്ന് ബസുടമ അസോസിയേഷന്‍ വ്യക്തമാക്കി. മകളുടെ വിവാഹ ആവശ്യത്തിനും മകന്റെ പഠനത്തിനും സാമ്പത്തിക ബാധ്യത വന്നിരുന്നതായി പറയുന്നുണ്ട്. മാസങ്ങളായി ബസ് സര്‍വ്വീസ് നടക്കാതിരുന്നതോടെ മറ്റ് വരുമാന മാര്‍ഗങ്ങളില്ലാതെ രാജാമണി മാനസികമായി തകര്‍ന്നിരുന്നതായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ പറയുന്നു.ഞായറാഴ്ച്ച ഇവരിലൊരാളെ വിളിച്ച്‌ താന്‍ പോകുവാണ്, തനിക്ക് ഒരു റീത്ത് വെക്കണമെന്ന് രാജാമണി പറഞ്ഞിരുന്നു. പിന്നീട് വിളിച്ച്‌ വിഷം കഴിച്ചതായി പറയുകയും ചെയ്തു. ഉടന്‍ തന്നെ സമീപവാസികളെ അസോസിയേഷന്‍ പ്രതിനിധി വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് വിഷം ഉള്ളില്‍ ചെന്ന നിലയില്‍ രാജാമണിയെ കണ്ടെത്തിയത്. തുടര്‍ന്ന് മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരിക്കുകയായിരുന്നു.ഭാര്യ: സുഭദ്ര മക്കള്‍ സുധന്യ, ശ്രീനാഥ്. മരുമകന്‍ നിതിന്‍

Previous ArticleNext Article