ഇറ്റാനഗർ: കോട്ടയം സ്വദേശികളായ ദമ്പതിമാരെയും തിരുവനന്തപുരത്തുനിന്ന് കാണാതായ അധ്യാപികയെയും അരുണാചൽ പ്രദേശിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി ആര്യ, കോട്ടയം മീനടം സ്വദേശികളായ നവീൻ, ദേവി എന്നിവരാണ് മരിച്ചത്. ദമ്പതികളെയും യുവതിയെയും ഇറ്റാനഗറിലെ ഹോട്ടൽ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.മരണത്തിന് പിന്നിൽ ദുർമന്ത്രവാദമാണെന്ന സംശയത്തിലാണ് നാട്ടുകാരും പോലീസും. മരണാനന്തര ജീവിതത്തെക്കുറിച്ച് ഇവർ ഇന്റർനെറ്റിൽ തിരഞ്ഞതായി സൂചനയുണ്ട്.കഴിഞ്ഞ 26-ാം തീയതി മുതൽ ആര്യയെ കാണാൻ ഇല്ലായിരുന്നുവെന്ന് പിതാവ് പരാതി നൽകിയിരുന്നു. നാലാഞ്ചിറയിലെ സ്കൂൾ അദ്ധ്യാപികയാണ് ആര്യ. സുഹൃത്തുക്കളായ ദേവിക്കും നവീനുമൊപ്പം ആര്യ ഗുവാഹത്തിയിലേക്ക് പോയെന്ന സംശയം കുടുംബം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ആര്യയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അരുണാചൽപ്രദേശ് വരെയുള്ള ഭാഗങ്ങളിലേക്ക് വിവരം കൈമാറിയിരുന്നു. തുടർന്ന് അരുണാചൽപ്രദേശ് പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയെയും സുഹൃത്തുക്കളെയും ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മറ്റു നടപടികൾക്ക് ശേഷം മൃതദേഹം കേരള പൊലീസിന് വിട്ടുനൽകും.രണ്ടുപേരെ കൊന്നശേഷം ഒരാൾ ആത്മഹത്യ ചെയ്തെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ, മൂന്നുപേരുടെയും പോസ്റ്റുമോർട്ടം റിപ്പോർട്ടു പുറത്തുവന്നാലേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാവൂ.ആര്യയുടെ മൃതദേഹം ഹോട്ടൽമുറിയിലെ കട്ടിലിനുമുകളിലായിരുന്നു. ഇതേ മുറിയിൽ നിലത്താണ് ദേവി മരിച്ചുകിടന്നത്. ശുചിമുറിയിലാണ് നവീന്റെ മൃതദേഹം കണ്ടെത്തിയത്.മൂന്നുപേരുടെയും കൈത്തണ്ട മുറിച്ചനിലയിലുമായിരുന്നു.സംഭവം മരണാനന്തര ജീവിതത്തിലുള്ള വിശ്വാസമാണോയെന്ന സംശയം ആദ്യംമുതൽക്കെ പോലീസിനുണ്ട്. മരിച്ചവർ അവസാനമായി ഇന്റർനെറ്റിൽ നടത്തിയ തിരച്ചിലുകളും ആത്മഹത്യാക്കുറിപ്പുമെല്ലാം ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. മൃതദേഹത്തില്‍ കാണപ്പെട്ട പ്രത്യേക തരത്തിലുള്ള മുറിവുകളും സംശയമുയര്‍ത്തി. ദമ്പതികള്‍ പുനര്‍ജനിയെന്ന ബ്ലാക് മാജിക് കമ്മ്യൂണിറ്റിയില്‍ അംഗമായിരുന്നെന്ന് അയല്‍വാസികളും പറയുന്നു.