
കൊച്ചി:വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ഭാരവാഹികളെ ‘അമ്മ’ ചര്‍ച്ചക്ക് വിളിച്ചു. ആഗസ്റ്റ് 7 നാണ് ചര്‍ച്ച നടക്കുക. പാര്‍വതി, പദ്മപ്രിയ, രേവതി എന്നിവരെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. കൊച്ചിയിലാണ് ചര്‍ച്ച നടക്കുക.എ.എം.എം.എയുടെ നിലപാടിലും നടപടികളിലും ആശങ്കയുണ്ടെന്ന് നടിമാരായ രേവതിയും പാര്‍വതിയും പത്മപ്രിയയും സംഘടനയുടെ സെക്രട്ടറിയായ ഇടവേള ബാബുവിന് എഴുതിയ കത്തില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ദിലീപിനെ തിരിച്ചെടുത്ത നടപടി പുനഃപരിശോധിക്കണമെന്നും എ.എം.എം.എയിലെ അംഗങ്ങള്‍ എന്ന നിലയില്‍ തങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാകണമെന്നുമായിരുന്നു കത്തിലെ പ്രധാന ആവശ്യം. തുടര്‍ന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയുമായി ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നത്.ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍ ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവച്ച് പുറത്ത് പോയിരുന്നു. സിനിമയിലെ വനിതാ സംഘടനയായ വിമണ്‍ ഇന്‍ സിനിമാകളക്ടീവിലെ അംഗങ്ങളായ റിമ കല്ലിങ്കല്‍, രമ്യ നമ്ബീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് രാജിവച്ചത്.അതേസമയം നിരപരാധിത്വം തെളിയിക്കാതെ സംഘടനകളിലേക്ക് തിരിച്ചു വരില്ലെന്ന് ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്.