ഇടുക്കി : മാതാപിതാക്കള്‍ക്കൊപ്പം സഞ്ചരിച്ചിരുന്ന ഒന്നരവയസ്സുള്ള കുട്ടി വാഹനത്തില്‍ നിന്നും താഴെ വീണു. കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. താഴെ വീണ കുട്ടി ഇഴഞ്ഞ് ഫോറസ്റ്റ് ചെക്‌പോസ്റ്റിന് സമീപത്തെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് ഒന്നരവയസ്സുകാരിയെ രക്ഷപ്പെടുത്താനായത്.ഫോറസ്റ്റ് ചെക്പോസ്റ്റിൽ നിന്നുള്ള വെളിച്ചം കണ്ട ഒന്നര വയസ്സുള്ള കുഞ്ഞ് അങ്ങോട്ട് ഇഴഞ്ഞെത്തുകയായിരുന്നു. സിസിടിവിയിൽ അനക്കം കണ്ട വാച്ചറാണ് ആദ്യം കുഞ്ഞിനെ കണ്ടെത്തുന്നത്. പിന്നീട് വനപാലകരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിന്‍റെ മുഖത്ത് ചെറിയ പരിക്ക് ഉണ്ട്. ഇടുക്കി രാജമലയ്ക്ക് അടുത്തുവെച്ചാണ് സംഭവം. മാതാപിതാക്കള്‍ കുട്ടി വാഹനത്തില്‍ നിന്നും വീണത് അറിഞ്ഞില്ല. 50 കിലോമീറ്ററോളം സഞ്ചരിച്ചശേഷമാണ് കുട്ടി താഴെ വീണ കാര്യം മാതാപിതാക്കള്‍ അറിയുന്നത്.കമ്പിളിക്കണ്ടം സ്വദേശികളുടേതാണ് കുട്ടി.പഴനി ദര്‍ശനം കഴിഞ്ഞ് മടങ്ങിവരുമ്പോഴാണ് സംഭവം ഉണ്ടായത്.