കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ പീഡനക്കുറ്റം ആരോപിച്ച് പരാതി നല്‍കിയ കന്യാസ്‌ത്രീയുടെ ചിത്രം പ്രചരിപ്പിച്ച മിഷനറീസ് ഓഫ് ജീസസ് അധികൃതര്‍ക്കെതിരെ കേസെടുത്തു. കോട്ടയം ജില്ലാ പൊലീസ് ചീഫ് ഹരിശങ്കറിന്റെ നിര്‍ദേശപ്രകാരം കുറവിലങ്ങാട് പൊലീസാണ് കേസെടുത്തത്. ലൈംഗീകപീഡന കേസുകളില്‍ ഇരകളെ തിരിച്ചറിയുന്ന വിവരങ്ങള്‍ പുറത്തുവിടരുതെന്ന കര്‍ശനനിയമുള്ളപ്പോഴാണ് മിഷനറീസ് ഓഫ് ജീസസ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പത്രക്കുറുപ്പിനോടൊപ്പം ചിത്രവും നല്‍കിയത്. പ്രസിദ്ധീകരിക്കുമ്ബോള്‍ തിരിച്ചറിയുന്ന വിധത്തില്‍ നല്‍കിയാല്‍ മിഷനറീസ് ഓഫ് ജീസസ് ഉത്തരവാദിയായിരിക്കില്ലെന്ന അറിയിപ്പും ചേര്‍ത്താണ് മാധ്യമങ്ങള്‍ക്ക് കൈമാറിയത്. ഇരയെ തിരിച്ചറിയുന്ന വിധം ചിത്രം പ്രചരിപ്പിച്ചതിന് മിഷനറീസ് ഓഫ് ജീസസ് പിആര്‍ഒയ്ക്ക് എതിരെ 228(എ) വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് ജില്ലാ പൊലീസ് ചീഫ് അറിയിച്ചു. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ എം.ജെ കമ്മീഷന്റെ പ്രാഥമിക കണ്ടെത്തലുകള്‍ എന്ന പേരിലാണു വാര്‍ത്താക്കുറിപ്പ് എത്തിച്ചത്. കന്യാസ്ത്രീകള്‍ ബിഷപ്പിനെതിരെ ഗൂഢാലോചന നടത്തി. സഭയുമായി ബന്ധമില്ലാത്ത നാലുപേരുടെ സഹായം കന്യാസ്ത്രീമാര്‍ക്കു ലഭിച്ചു. യുക്തിവാദികളുടെ ചിന്തകളും പിന്തുണയും കന്യാസ്ത്രീമാരെ സ്വാധീനിച്ചെന്നും മിഷനറീസ് ഓഫ് ജീസസ് നേതൃത്വം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.