കൊച്ചി:കൊച്ചി പുറംകടലില്‍ കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ച സംഭവത്തില്‍ മൂന്ന് പേരെ കോടതി റിമാന്‍ഡ് ചെയ്തു. കപ്പലിന്റെ ക്യാപ്റ്റന്‍ , സെക്കന്റ് ഓഫീസര്‍, സീ-മാന്‍ എന്നിവരെയാണ് കൊച്ചി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതി റിമാന്‍ഡ് ചെയ്തത്. ഇവര്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ഈമാസം 15 വരെയാണ് റിമാന്‍ഡ് കാലാവധി.ഷിപ്പിങ് മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചതോടെയാണ് കോസ്റ്റല്‍ പോലീസ് കപ്പലിലെത്തി ഇവരെ അറസ്റ്റ് ചെയ്തത്. കപ്പലില്‍ പകരം കപ്പിത്താനെ എത്തിച്ച ശേഷമാണ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. പുറംകടലില്‍ നങ്കൂരമിട്ടിരിക്കുന്ന കപ്പലില്‍ നിന്ന് ഇവരെ കൊച്ചി പോര്‍ട്ട് ട്രസ്റ്റിന്‍റെ ഇമിഗ്രേഷന്‍ ഓഫീസിലെത്തിച്ചു. തുടര്‍ന്ന് ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൂവരെയും ഫോട്ട് കൊച്ചി കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.കഴിഞ്ഞ ജൂണ്‍ പതിനൊന്നിനാണ് കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തിരുന്നു.