ഇരിട്ടി: സി ബി എസ് ഇ നീറ്റ് പ്രവേശന പരീക്ഷയിൽ സംസ്ഥാനതലത്തില്‍ 691 മാർക്ക് നേടി ഒന്നാമതും മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ആറാംറാങ്കും നേടി മലയാളുകളുടെ അഭിമാനമായി മാറിയിരിക്കുകയാണ് ഇരിട്ടിക്കടുത്ത് കോളിക്കടവ് പട്ടാരം സ്വദേശിയായ ഡെറിക് ജോസഫ്.
എം.ബി.ബി.എസ്. പ്രവേശനത്തിനായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) നടത്തിയ പരീക്ഷയില്‍ അഖിലേന്ത്യാതലത്തില്‍ 16-ാം റാങ്കും കേരളത്തില്‍ ഒന്നാമനുമായിരുന്നു. കുന്നോത്ത് ബെന്‍ഹില്‍ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍നിന്ന് മുഴുവന്‍ വിഷയത്തിലും എ വണ്ണോടെയാണ് സി.ബി.എസ്.ഇ. പത്താംക്ലാസ് പാസായത്. പ്ലസ്ടു പഠനത്തോടൊപ്പം മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്കും തയ്യാറെടുത്തു. നീറ്റില്‍ ആദ്യ നൂറുറാങ്കില്‍ സ്ഥാനം പ്രതീക്ഷിച്ചിരുന്നെങ്കിലും സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഡെറിക് പറഞ്ഞു.
എയിംസില്‍ എം.ബി.ബി.എസിന് പ്രവേശനം നേടാനാണ് ആഗ്രഹിക്കുന്നത്. അതിനുള്ള അഭിമുഖം മൂന്നിന് നടക്കും. സഹകരണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ മാമൂട്ടില്‍ എം.ഡി. ജോസഫിന്റെയും പായം സര്‍വീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥയായ ലിലിയ മാത്യുവിന്റെയും മകനാണ് ഡെറിക്ക്.