ദില്ലി / തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയലിന്റെ വിലക്കനുസരിച്ച് രാജ്യത്തിലെ മുഴുവൻ പെട്രോൾ പമ്പുകളിലെയും വില ദിവസേന ക്രമീകരിക്കുന്ന സംവിധാനം ജൂൺ 15 അർദ്ധരാത്രി മുതൽ നിലവിൽ വന്നു.
ഇന്ത്യയിലെ മൂന്ന് പൊതു മേഖല ഓയിൽ മാർക്കറ്റിങ്ങ് കമ്പനികളായ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവരാണ് ഇന്ധന വില പ്രധാനമായും നിയന്തിക്കുന്നത്.
ജൂൺ 15ന് അർദ്ധരാത്രിയിൽ പെട്രോൾ ലിറ്ററിന് ഒരു രൂപ അറുപത്തിമൂന്ന് പൈസയും ഡീസൽ ലിറ്ററിന് ഒരു രൂപ അറുപത്തിരണ്ട് പൈസയും കുറച്ചിരുന്നു. ജൂൺ 16ന് രാത്രിയിൽ 23 പൈസയും 17 പൈസയും വീണ്ടും കുറക്കുവാനുള്ള തീരുമാനം വന്നതോടെ രാജ്യത്തിലെ മുഴുവൻ പമ്പുടമകളും ആശങ്കയിൽ ആയി. ജൂൺ 17ന് രാത്രി 33 പൈസ പെട്രോളിനും 20 പൈസ ഡീസലിനും കുറവ് വന്നു. ഞായറാഴ്ച ഇന്ധന ഡിപ്പോയിൽ അവധി ദിവസമായതിനാൽ ശനിയാഴ്ച എല്ലാ പമ്പുടമകളും ഇന്ധനം പതിവിലും കൂടുതലായി സംഭരിച്ച സാഹചര്യത്തിൽ പമ്പുടമകളുടെ നഷ്ടം പ്രതീക്ഷിച്ചതിലും വളരെ കൂടുതലായി.
കേരളത്തിലെ ഭൂരിഭാഗം പമ്പുകൾ കളിലും പ്രതിമാസം 100 കിലോ ലിറ്റർ മുതൽ 200 കിലോ ലിറ്റർ വരെയാണ് ശരാശരി വിൽപ്പന നടക്കുന്നത്. ഇത്തരം പമ്പുകളിൽ 12000 ലിറ്റർ ഇന്ധനം കമ്പനികളിൽ നിന്നും വാങ്ങിയാൽ 3 മുതൽ 5 ദിവസം വരെ വിൽപ്പന നടത്തിയാൽ മാത്രമേ സ്റ്റോക്ക് ഗണ്യമായി കുറയുകയുള്ളൂ എന്നതും നഷ്ടത്തിന്റെ വ്യാപതി കൂട്ടുകയാണ്.
ജൂൺ 15ന് സംസ്ഥാനത്തെ പല പമ്പുകളിലും ഉണ്ടായ നഷ്ടം ഇരുപതിനായിരം മുതൽ അമ്പതിനായിരം രൂപവരെയാണ്.തുടർന്ന് 3 ദിവസത്തിൽ ദിവസേന 2000 മുതൽ 6000 രൂപ വരെ നഷ്ടപ്പെടുന്ന സാഹചര്യം വന്നതോടെ പമ്പുകളിലെ ജീവനക്കാരുടെ വേതനവും മറ്റ് ചിലവുകൾക്കും വേണ്ടിയുള്ള തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഈ വ്യാപാരം തുടർന്ന് എത്ര നാൾ നടത്താനാവും എന്ന് ആശങ്കപ്പെടുകയാണ് പെട്രോൾ പമ്പ് തൊഴിലാളികളും ഉടമകളും.
അപൂർവ്വ ചന്ദ്ര കമ്മീഷൻ വർഷങ്ങൾക്ക് മുൻപ് നിർഷ്കർഷിച്ച ഡീലർ കമ്മീഷൻ ലഭിക്കാത്തതിനെ തുടർന്ന് പമ്പുടമകൾ പല തവണ സമരം ചെയ്തിട്ടും ഓയൽ കമ്പനികൾ വർഷങ്ങളുടെ കുടിശിഖ ഡീലർമാർക്ക് നൽക്കാൻ തയ്യാറാവാത്തതും വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഇന്ധന ലഭ്യതയെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിൽ എത്തിച്ചിരിക്കുന്നു.
2017 ലെ ആദ്യ പാദത്തിൽ ക്രൂഡിന്റെ വില കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധന വില കുറക്കാതിരുന്നതും ,ഇതേ കമ്പനികളുടെ കീഴിൽ തന്നെയുള്ള പാചക വാതകത്തിന്റെ വില ദിവസേന ക്രമീകരിക്കാത്തതും മാർക്കറ്റിങ്ങ് കമ്പനികളുടെ ഇരട്ടതാപ്പാണെന്ന് വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച ഡീലർമാർ അഭിപ്രായപ്പെട്ടു.
വില ക്രമീകരണം തുടരുകയാണെങ്കിൽ പമ്പുകൾ അടച്ചിട്ട് കൊണ്ട് അനുകൂല തീരുമാനം വരുന്നത് വരെ സമരം ചെയ്യാൻ പമ്പുടമകൾ തയ്യാറെടുക്കുകയാണ്. ഇങ്ങനെ ഒരു സാഹചര്യം വരികയാണെങ്കിൽ രാജ്യം തന്നെ നിശ്ചലമാകുന്ന ദിനങ്ങൾ ആയിരിക്കുമെന്ന് പൊതുജനങ്ങളും ആശങ്കപ്പെടുകയാണ്.