കണ്ണൂർ: ജില്ലയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ പ്രതിരോധ നടപടികൾ കൈക്കൊള്ളണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഈഡിസ് കൊതുകുകൾ സാധാരണയായി മുട്ടയിട്ടു വളരുന്ന സ്ഥലങ്ങളായ ചിരട്ട, ടയർ,കുപ്പി, ഉപയോഗ ശൂന്യമായ പാത്രങ്ങൾ വെള്ളം കെട്ടി നിൽക്കാവുന്ന മറ്റു സാധനങ്ങൾ തുടങ്ങിയവ ശരിയായ രീതിയിൽ സംസ്കരിക്കുകയോ വെള്ളം വീഴാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കുകയോ ചെയ്യുക.
ഫ്രിഡ്ജിന്റെ പുറകിലെ ട്രേ,ചെടിച്ചട്ടിയ്ക്കടിയിൽ വെക്കുന്ന പാത്രം, പൂക്കൾ/ചെടികൾ എന്നിവ ഇട്ടു വെക്കുന്ന പാത്രം, ടെറസ്, ടാങ്ക് മുതലായവയിൽ നിന്നും ആഴ്ചയിലൊരിക്കൽ വെള്ളം ഊറ്റിക്കളയുക. ജലം സംഭരിച്ചു വെക്കുന്ന ടാങ്കുകളും പാത്രങ്ങളും സിമന്റ് തൊട്ടികളും മറ്റും കൊതുകു കടക്കാത്തവിധം മുടിവെക്കുക. തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ് .
ഈഡിസ് കൊതുകിന്റെ കടി ഏൽക്കാതിരിക്കാൻ പകൽ സമയത്ത് ഉറങ്ങുന്നവർ കൊതുകുവല ഉപയോഗിക്കുക. കീടനാശിനിയിൽ മുക്കിയ കൊതുകുവല ഉപയോഗിക്കുന്നത് ഏറെ ഉത്തമം. കൊതുകിനെ അകറ്റാൻ കഴിവുള്ള ലേപനങ്ങൾ ദേഹത്ത് പുരട്ടുക. ശരീരം നന്നായി മൂടിയിരിക്കുന്ന വസ്ത്രങ്ങൾ ധരിക്കുക, ജനൽ, വാതിൽ വെന്റിലേറ്റർ മുതലായവയിൽ കൊതുകു കടക്കാത്ത വല ഘടിപ്പിക്കുക.